ഉരുൾപൊട്ടൽ: കണ്ണൂരിൽ 13 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കർണാടക വനമേഖലയിലും ഇരിട്ടി അയ്യൻകുന്നിലും ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കണ്ണൂരിൽ പതിമൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഉരുൾപൊട്ടലിൽ തലശേരി മൈസൂരു അന്തർസംസ്ഥാന പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.

ബ്രഹ്മഗിരി വനമേഖലയിലും ഇരിട്ടി അയ്യൻകുന്നിലും ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് അഞ്ച് വീടുകൾ തകർന്നു. ഇവിടുന്ന്  എട്ട് കുടുംബങ്ങളെ കിളിയന്തറ സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. ഏക്കർ കണക്കിന് കൃഷിഭൂമിയും നശിച്ചിട്ടുണ്ട്. തലശേരി മൈസൂരു അന്തർസംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. കണ്ണൂരിൽനിന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി വഴിയാണ് കടന്നു പോകുന്നത്. 

ഉരുൾപൊട്ടലിൽ വലിയമരങ്ങളും മണ്ണും ഒഴുകിയെത്തി മാക്കൂട്ടം പാലത്തിൽ തങ്ങിനിൽക്കുന്നതാണ് ഗതാഗതം തടസപ്പെടാൻ കാരണം. കർണാടക വനത്തിനുള്ളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ ഇടകോളനി, കാനംവയൽ ഭാഗങ്ങളിൽ വെള്ളം കയറി.കോഴിച്ചാൽ ഇടകോളനിയിൽ നിന്നും അഞ്ചു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കണ്ണൂരിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുകയാണ്.