കോഴിക്കോട് എഫ്.സി.ഐ ഗോഡൗണില്‍ 500 ചാക്കിലധികം അരിക്ക് പൂപ്പല്‍ ബാധ

കോഴിക്കോട് വെസ്റ്റ്ഹില്‍ എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് റേഷന്‍ കടകളിലേക്കായി നല്‍കിയ അഞ്ഞൂറ് ചാക്കിലധികം അരി പൂപ്പല്‍ ബാധിച്ചതെന്ന് കണ്ടെത്തി. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് മൂന്ന് ലോഡ് തിരികെയെത്തിച്ചു. പരിശോധനയില്‍ പുഴുവരിച്ചതും നനവ് പടര്‍ന്നതുമായ ആയിരത്തിലധികം ചാക്ക് അരി ഗോഡൗണില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 

സാധാരണക്കാരന് കിട്ടേണ്ടത് പുഴുവും പാറ്റയും എലിയും തിന്നുതീര്‍ത്തു. ഗുഡ്സ് വാഗണ്‍ വഴി ഒരുമാസം മുന്‍പ് നനവോടെ എത്തിച്ച അരിച്ചാക്കുകള്‍ അതേപടി ഗോഡൗണിലിറക്കി. ഈ അരി മലപ്പുറത്തെ റേഷന്‍ കടകളില്‍ വിതരണത്തിനായി സിവില്‍ സപ്ലൈസ് വഴി വിതരണം ചെയ്തു. കടകളിലെത്തിയപ്പോഴാണ് ഉപയോഗശൂന്യമെന്ന് മനസിലായത്. അതേപടി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് അരിച്ചാക്ക് ഗോഡൗണില്‍ തിരികെയെത്തിച്ചു. പരിശോധനയില്‍ ആയിരത്തിലധികം ചാക്ക് അരി സമാനമായ രീതിയില്‍ ഗോഡൗണിലെ തറയില്‍ കണ്ടെത്തി. ഭാരം കൂട്ടാനുള്ള നനവ് തന്ത്രമാണ് കേടുണ്ടാക്കിയതിന്റെ കാരണമായിപ്പറയുന്നത്. 

ഒരുമാസം മുന്‍പാണ് 20 വാഗണുകളിലായി ഇരുപത്തി നാലായിരത്തിലധികം ചാക്ക് അരിയെത്തിയത്. നനവ് കണ്ടെത്തിയതോടെ തൊഴിലാളികള്‍ ലോഡിറക്കാന്‍ വിസമ്മതിച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിന് വഴങ്ങി ചാക്കുകള്‍ ഗോഡൗണിലേക്ക് മാറ്റുകയായിരുന്നു. കേടുണ്ടായ അരിക്ക് പകരം നഷ്ടം ഈടാക്കണമെന്ന നിര്‍ദേശം അട്ടിമറിച്ചുവെന്ന് മാത്രമല്ല വിവരം രഹസ്യമാക്കി വച്ചെന്നും ആക്ഷേപമുണ്ട്. നനവ് ബാധിച്ചതാണ് കേടുപാടുണ്ടാക്കിയതെന്ന് എഫ്.സി.ഐ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. എന്നാല്‍ ലക്ഷങ്ങളുടെ നഷ്ടമെന്നത് വെറും പ്രചരണം മാത്രമെന്നാണ് നിലപാട്.