നീലേശ്വരത്ത് കൈയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു

Ksaragod-land
SHARE

കാസര്‍കോട് നീലേശ്വരം നഗരസഭ പരിധിയില്‍ സ്വകാര്യവ്യക്തികള്‍ കൈയ്യേറിയ ഭൂമി തിരിച്ചു പിടിച്ചു. ഒറ്റദിവസം കൊണ്ടു മൂന്നേക്കര്‍ ഭൂമിയിലെ കൈയ്യേറ്റമാണ് ഒഴിപ്പിച്ചത്. നഗരസഭ ചെയര്‍മാന്‍ നേരിട്ടെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി. 

നഗരസഭയുടെ അധീനതയിലുള്ള മുപ്പതേക്കറോളം ഭൂമി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കയ്യേറിയിട്ടുള്ളതായാണ് വിവരം. നീലേശ്വരം വില്ലേജില്‍ മാത്രം പത്തേക്കറോളം കയ്യേറ്റ ഭൂമിയുണ്ട്. ജില്ലാ കളക്ടർ കെ.ജീവൻ ബാബു നിയോഗിച്ച സർവ്വെ സംഘമാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. കൈവശം വച്ചിരിക്കുന്നവര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ സമയപരിധി അവസാനിച്ചതോടെ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

നഗരഹൃദയത്തില്‍ കോടികൾ വിലമതിക്കുന്ന ഭൂമിയിലാണ് കൈയ്യേറ്റം കൂടുതല്‍. ഇതൊഴിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. സഗരസഭയുടെ പരിധിയില്‍ വരുന്ന തീരദേശമേഖലയിലും, പുഴയോരത്തും വന്‍തോതില്‍ ഭൂമി കൈയ്യേറിയതിനുള്ള തെളിവുകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ കണ്ടെത്തിയ കൈയ്യേറ്റങ്ങളെല്ലാം ഒരു മാസത്തിനുള്ളില്‍ ഒഴിപ്പിക്കും. നഗരസഭയുടെ കൂടുതല്‍ ഭൂമി സ്വകാര്യവ്യക്തികളുടെ കൈവശമുണ്ടോയെന്നും പരിശോധിക്കും. 

MORE IN NORTH
SHOW MORE