സഹകരണബാങ്കിനെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസിനെതിരെ പാലക്കാട് ഡി.സി.സി

youth-congress-march-t
SHARE

കോണ്‍ഗ്രസ് ഭരണത്തിലുള്ള പാലക്കാട് സര്‍വീസ് സഹകരണ ബാങ്കിനെതിരെ സമരം നടത്തിയ യൂത്തുകോണ്‍ഗ്രസിനെതിരെ ഡിസിസി പ്രസിഡന്റ്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യൂത്തുകോണ്‍ഗ്രസ് സമരം. ബാങ്കിനെതിരെയുളള ആരോപണങ്ങളും പ്രതിഷേധക്കാരെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ അറിയിച്ചു. അതേസമയം ബാങ്ക് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വിജിലന്‍സിന് പരാതി നല്‍കി. 

പാലക്കാട് സര്‍വീസ് സഹകരണബാങ്കിലെ നാല് പ്യൂണ്‍ തസ്തികകളിലേക്ക് ഗവണ്‍മെന്റ് മോയന്‍ സ്കൂളില്‍ വച്ച് എഴുത്തുപരീക്ഷ നടത്തിയത് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം തടസപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂര്‍ പണം വാങ്ങി നിയമനം നടത്തിയെന്നും പരീക്ഷ നടത്തുന്നത് പ്രഹസനമാണെന്നുമായിരുന്നു യൂത്തുകോണ്‍ഗ്രസിന്റെ ആരോപണം. ഡിസിസി നേതൃത്വത്തിലുളളവര്‍ക്കും പങ്കുണ്ടെന്ന് യൂത്തു കോണ്‍ഗ്രസ് ഉന്നയിച്ചതോടെ ഡിസിസി പ്രസിഡന്റ് മറുപടിയുമായെത്തി. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യൂത്തുകോണ്‍ഗ്രസ് സമരമെന്ന് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍.

കോണ്‍ഗ്രസ് ഭരണത്തിലുളള ബാങ്കിനെതിരെ യൂത്തുകോണ്‍ഗ്രസ് സമരം നടത്തിയത് ബിജെപിയും ഏറ്റുപിടിച്ചു. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി. ബാങ്ക് നിയമനങ്ങളെച്ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ അതൃപ്തി വരും ദിവസങ്ങളിലും ചര്‍ച്ചയാകും.

MORE IN NORTH
SHOW MORE