വയനാട്ടില്‍ കൂറ്റന്‍ മരങ്ങള്‍ നിയന്ത്രണമില്ലാതെ മുറിച്ചു മാറ്റുന്നു

വയനാട്ടില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൂറ്റന്‍ മരങ്ങള്‍ നിയന്ത്രണമില്ലാതെ മുറിച്ചു മാറ്റുന്നു. വിമുക്ത ഭടന്മാര്‍ക്ക് പതിച്ചു കൊടുത്ത ഭൂമിയില്‍ സര്‍ക്കാരിലേയ്ക്ക് റിസര്‍വ് ചെയ്ത മരങ്ങളാണ് മുറിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീട്ടി മരങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍. 

ഒന്നും രണ്ടുമല്ല, 1093 മരങ്ങള്‍ മുറിച്ചു നീക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. മൂപ്പൈനാട്, അമ്പലവയല്‍, നെന്മേനി, സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് മരം മുറിക്കല്‍ നടക്കുന്നത്. 1969ല്‍ വിമുക്ത ഭടന്മാര്‍ക്ക് സ്ഥലം പതിച്ചു നല്‍കുമ്പോള്‍ തേക്ക്, വീട്ടി എന്നിവ സര്‍ക്കാരിലേയ്ക്ക് റിസര്‍വ് ചെയ്തിരുന്നു. 1995ല്‍ സര്‍ക്കാര്‍ തേക്ക് മുറിച്ചു വിറ്റു. ഇപ്പോള്‍ വീട്ടിയും. ഭൂവുടമകള്‍ക്ക് ക്യൂബിക്ക് മീറ്ററിന് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കിയാണ് മരങ്ങള്‍മുറിച്ചു നീക്കുന്നത്.  1998ല്‍ വംശനാശ ഭീഷണി നേരിടുന്ന ജന്തു സസ്യ വര്‍ഗങ്ങളുടെ റെഡ് ഡേറ്റ ബുക്കില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യയിലുള്ള വീട്ടി മരങ്ങള്‍. നാനൂറ് വര്‍ഷം പഴക്കം ചെന്ന മരങ്ങള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. അതിനാല്‍ തന്നെ നിലമ്പൂര്‍ തേക്കിനേക്കാള്‍ വിലകൂടുതലാണ് വയനാടന്‍ ഈട്ടിക്ക്. ഒരു ക്യൂബിക് മീറ്ററിന് രണ്ടു ലക്ഷം മുതല്‍ അ‍ഞ്ച് ലക്ഷം വരെയാണ് വില. 

പരിസ്ഥിതി ആഘാത പഠനങ്ങളൊന്നുമില്ലാതെയാണ് വ്യാപക മരംമുറിക്കല്‍ നടക്കുന്നത്. ഒരു ഭാഗത്ത് ഹരിത മിഷന്‍ പോലുള്ള പദ്ധതികള്‍ നടത്തുമ്പോഴാണ് മറുഭാഗത്ത് സര്‍ക്കാരിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വന്‍ മരങ്ങള്‍ക്ക് കോടാലി വീഴുന്നത്