അപ്രഖ്യാപിത ഹർത്താൽ; മലബാറിൽ മാത്രം അറസ്റ്റിലായത് 1,102 പേർ

maalppuram-harthal
SHARE

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തിയതിന് മലബാര്‍ ജില്ലകളില്‍ മാത്രം അറസ്റ്റിലായവരുടെ എണ്ണം ആയിരത്തി ഒരുന്നൂറ്റി രണ്ടായി. പിടിയിലായവരുടെ മൊബൈല്‍ കേന്ദ്രീകരിച്ചും മൊഴിയുടെ അടിസ്ഥാനത്തിലും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കഠ്‍വ പീഡനത്തിന്‍റെ പേരിലുള്ള ഹര്‍ത്താലിന് നേതൃത്വം നല്‍കിയത് നാല് തീവ്രസ്വഭാവമുള്ള സംഘടനകളെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

കോഴിക്കോട് ഇതുവരെ 228 പേര്‍ അറസ്റ്റിലായി. മാറാട്, ബേപ്പൂര്‍, മാവൂര്‍, താമരശേരി, വടകര എന്നിവിടങ്ങളിലാണ് കൂടുതല്‍ ആക്രമണമുണ്ടായത്. കാസര്‍കോട് ജില്ലയില്‍ 104 പേരെ അറസ്റ്റു ചെയ്തു. കുമ്പള, മഞ്ചേശ്വരം, ആദൂര്‍ തുടങ്ങി കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍പ്പേര്‍ പിടിയിലായത്. കണ്ണൂരില്‍ അന്‍പത് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുന്നൂറ്റി നാലുപേര്‍ അറസ്റ്റിലായി. വയനാട്ടില്‍ 762 േപര്‍ക്കെതിരെ കേസെടുത്തു. അന്‍പത്തി ഒന്നുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയില്‍ 106 കേസുകളിലായി 250 പേര്‍ അറസ്റ്റിലായി. താനൂര്‍, തിരൂര്‍, നിലമ്പൂര്‍, തുടങ്ങിയ ഇടങ്ങളിലാണ് കൂടുതല്‍ സംഘര്‍ഷമുണ്ടായത്. പാലക്കാട് ജില്ലയില്‍ 32 കേസുകളിലായി 189 പേര്‍ അറസ്റ്റിലായി. കഠ്വ പീഡനത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം മറ്റൊരു തലത്തിലെത്തിക്കുകയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ ലക്ഷ്യം. യുവാക്കളുടെ വലിയൊരു ശൃംഖല ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തീവ്രസ്വഭാവമുള്ള നാല് സംഘടനകളാണ് ഹര്‍ത്താല്‍ ആസൂത്രണം ചെയ്തത്. മൂന്ന് ദിവസം മുന്‍പ് തന്നെ ഇവര്‍ പ്രദേശികമായി യോഗം ചേര്‍ന്ന് വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. നവമാധ്യങ്ങളിലൂടെയുള്ള പ്രചരണത്തിനൊപ്പം ലഘുലേഖ വിതരണം ചെയ്തും നേരിട്ട് കടകളിലെത്തി ഭീഷണിപ്പെടുത്തിയും നോട്ടീസൊട്ടിച്ചും ഇവര്‍ ഹര്‍ത്താലിന് വീര്യം കൂട്ടാന്‍ ശ്രമിച്ചു. ഇതുവഴി രാഷ്ട്രീയസ്വാധീനം ഉയര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പിടിയിലായവരുടെ മൊഴി.

MORE IN NORTH
SHOW MORE