നാട്ടുകാരുടെ നടുവൊടിച്ച് പള്ളിശേരി–അമ്പലക്കടവ് റോഡ്

അധികൃതരുടെ അനാസ്ഥയില്‍ നാട്ടുകാരുടെ നടുവൊടിക്കുകയാണ് മലപ്പുറം കാളികാവിലെ പള്ളിശേരി–അമ്പലക്കടവ് റോഡ്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ ഒരുനടപടിയുമില്ല.

കാളികാവ് ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളുടെ അതിർത്തിയിലൂടെയാണ് പള്ളിശേരി - അമ്പലക്കടവ് റോഡ് കടന്നു പോവുന്നത്. കാളികാവ് മഞ്ചേരി റോഡിൽ നിന്ന് ചോക്കാട് റോഡിലേക്കെത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. അതു കൊണ്ട് തന്നെ ഇതര സംസ്ഥാന ചരക്ക് ലോറികളും ഇതുവഴിയാണ് കടന്നുപോവുന്നത്. എന്നാൽ വർഷങ്ങളായി ഈ റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്

റോഡിനിരുവശവും അഴുക്കുചാലില്ലാത്തതിനാൽ മഴ പെയ്താൽ റോഡ് തോടാവും. വാഹനങ്ങൾ കടന്നു പോവുമ്പോൾ റോഡിലെ കല്ല് തെറിക്കുന്നത് നിത്യ സംഭവമാണ്

റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായ സാഹചര്യത്തിൽ പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.