വി.വി.ഐ.പി വാഹനത്തിന് തടസം സൃഷ്ടിച്ചൂവെന്ന് ആരോപിച്ച് മര്‍ദനം

വി.വി.ഐ.പി വാഹനം കടന്നു പോകുന്ന വഴിയില്‍ തടസം സൃഷ്ടിച്ചൂവെന്ന് ആരോപിച്ച് മലപ്പുറം കോട്ടക്കലില്‍ റയില്‍വേ മുന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നടുറോഡില്‍ മര്‍ദനം. കൊളത്തൂപ്പറമ്പ് സ്വദേശി ജനാര്‍ദ്ദനനെ സാരമായ പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കറോടിച്ചുകൊണ്ടിരുന്ന ജനാര്‍ദനന്‍ പൊലീസ് വാഹനത്തിന്റെ ഹോണടി ശബ്ദം കേട്ട് വാഹനം ഇടതുഭാഗത്തേക്ക് ഒതുക്കിക്കൊടുത്തു. ഇതിനിടെ ഗവര്‍ണറുടെ വാഹനവും പൈലറ്റുവാഹനങ്ങളും കടന്നുപോയി. എന്നാല്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു പ്രകോപനവും കൂടാതെ കാറില്‍ നിന്ന് വലിച്ചിട്ട് മുഖത്തിടിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നുമെല്ലാം രക്തമൊഴുകിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ വളഞ്ഞു 

പിന്നാലെ പരുക്കേറ്റ ജനാര്‍ദനനെ പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നടുറോഡില്‍ ഗുണ്ടായിസം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.