മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം അനാഥമാകുന്നു

പാലക്കാട് തൃത്താലയിൽ ഏഴു വർഷം മുൻപ് നിർമിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം അനാഥമാകുന്നു. പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് താമസിച്ച് പഠനം നടത്തുന്നതിന് സർക്കാർ നിർമിച്ച ഹോസ്റ്റൽ കെട്ടിടമാണ് ഉപയോഗരഹിതമാക്കുന്നത്. തൃത്താല ഹൈസ്കൂൾ റോഡിൽ പാക്കനാർ കാഞ്ഞിരത്തിന് സമീപമാണ് ഹോസ്റ്റൽ കെട്ടിടം. 

കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 73 ൽ പ്രവർത്തനം തുടങ്ങി 2006 വരെ പ്രവർത്തിച്ചു. പറക്കുളത്ത് മറ്റൊരു ഹോസ്റ്റൽ കെട്ടിടം വന്നതോടെയാണ് തൃത്താലയിലെ കെട്ടിടം അനാഥമായത്. പിന്നീട്  രണ്ട് വർഷത്തിലധികം തൃശൂർ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഇവിടെ താൽക്കാലികമായി പ്രവർത്തിച്ചെങ്കിലും  2009ൽ പ്രവർത്തനം നിർത്തി. ഇന്നിപ്പോൾ തീർത്തും കാടുകയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഈ സർക്കാർ കെട്ടിടം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി പ്രി എക്സാമിനേഷൻ സെന്ററുകൾക്കായി കെട്ടിടം ഉപയോഗപ്പെടുത്താം. ജില്ലയിൽ കുഴൽമന്ദത്ത് മാത്രമേ ഇത്തരം പരിശീലന കേന്ദ്രം നിലവിലുള്ളു.