മേച്ചരി വയലില്‍ നിയമംലംഘിച്ച് കുളം നിര്‍മ്മിച്ച ഉടമയ്ക്കെതിരെ കേസ്

വയനാട് നടവയല്‍ മേച്ചരി വയലില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വന്‍ കുളം നിര്‍മ്മിച്ച ഉടമയ്ക്കെതിരെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം കേസ്. നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാത്ത വില്ലേജ് ഒാഫീസര്‍ക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകും. വിവിധ വകുപ്പുകളില്‍ നിന്നും യാതൊരു വിധ അനുമതികളുമില്ലാതെയായിരുന്നു പുഴയുടെ സമീപം വയല്‍ തരം മാറ്റിയത്. മനോരമ ന്യൂസ് ഇംപാക്ട്. 

അനുമതിയില്ലാതെ വയല്‍ തരം മാറ്റിയ ഉടമയ്ക്കെതിരെ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമാണ് കേസ്. ഭൂമിയുടെ നികുതി സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.മണ്ണുമാന്തി യന്ത്രങ്ങളും ലോറികളും പനമരം പൊലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങള്‍ തണ്ണീര്‍ത്തട സംരക്ഷണ വകുപ്പുകള്‍ പ്രകാരം കണ്ടുകെട്ടും. 

തൃശൂര്‍ സ്വദേശി ഹാറൂണ്‍ ഖാലിദിന്റെ പേരിലുള്ളതാണ് പതിനഞ്ചേക്കറോളം വയല്‍. 

സമീപപ്രദേശത്തെ കൃഷിയുടെ ഘടകമായ പനമരം പുഴ ഇതിനുസമീപത്തു കൂടിയാണ് ഒഴുകുന്നത്.

ഒന്നരയേക്കറോളം വയല്‍ ഭൂമിയിലാണ് കുളം നിര്‍മ്മാണം. ആഴത്തില്‍ കുഴിയെടുത്തിരുന്നു.

മല്‍സ്യക്കൃഷിക്കാണ് കുളം നിര്‍മ്മാണമെന്നാണ് നടത്തിപ്പുകാര്‍ പറഞ്ഞത്. 

എന്നാല്‍ കൃഷി ഫിഷറീസ് വകുപ്പുകളില്‍ നിന്നും വില്ലേജോഫീസില്‍ നിന്നും അനുമതി ഇല്ലായിരുന്നു. അനധികൃത തരംമാറ്റല്‍ യാഥാസമയം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ വില്ലേജ് ഒാഫീസര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.വയലില്‍ നാണ്യവിളകളും നട്ടിട്ടുണ്ട്. മാസങ്ങളായി മണ്ണെടുക്കലുള്‍പ്പെടെ നിയമലംഘനങ്ങള്‍ നടന്നിട്ടും വകുപ്പുകള്‍ നടപടിയെടുത്തിരുന്നില്ല.