കാർഷിക മേഖലയ്ക്കും പാർപ്പിട നിർമാണത്തിനും ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്

കാർഷിക മേഖലയ്ക്കും പാർപ്പിട നിർമാണത്തിനും ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലയിലെ റോഡുകളില്‍ ഒരോ പതിനഞ്ച് കിലോമീറ്ററിലും വഴിയോര വിശ്രമകേന്ദ്രം നിർമിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്.

കഴിഞ്ഞ ബജറ്റിലെ കാർഷിക സ്വയം പര്യാപ്ത ഗ്രാമമെന്ന പദ്ധതി വരുന്നവർഷം കൂടുതൽ ഗ്രാമങ്ങളിൽ നടപ്പിലാക്കും. ഓരോ ഗ്രാമവും ഒരു വിളയിൽ സ്വയം പര്യാപ്തി നേടും. തലശേരി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമങ്ങളിൽ മൈസൂർ വാഴക്കുലകൾ ഉത്പാദിപ്പിക്കുന്ന മൈസൂർ ഗ്രാമം പദ്ധതി തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി പുഷപകൃഷിയും ആരംഭിക്കും. 

സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കായി ബജറ്റിന്റെ ഇരുപത് ശതമാനം നീക്കിവച്ചു. സ്ത്രീകൾക്കും വഴിയാത്രക്കാർക്കുമായി പ്രധാന റോഡുകളിൽ വിശ്രമകേന്ദ്രങ്ങൾ നിർമിക്കും. വിവിധ വകുപ്പുകളുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. നൂറ്റിയിരുപത്തിനാല് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ വരവും നൂറ്റിപന്ത്രണ്ട് കോടി ഏൺപത്തിയൊമ്പത് ലക്ഷം രൂപയുടെ ചിലവും പന്ത്രണ്ട് കോടി നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്.