പളളിപ്പടിയിലെ അംഗന്‍വാടിക്ക് പുതിയ കെട്ടിടം; ആവശ്യം ശക്തമാകുന്നു

പാലക്കാട് ആനക്കര പഞ്ചായത്തിലെ പളളിപ്പടിയിലെ അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യം ശക്തമാകുന്നു. താല്‍ക്കാലിക കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പതിനാറു കുട്ടികള്‍ ബുദ്ധിമുട്ടുകയാണ്. തൃത്താല ആനക്കര പഞ്ചായത്തിലെ പതിനാറാം വാര്‍ഡായ പളളിപ്പടി 81 ാം നമ്പര്‍ അംഗന്‍വാടിയുടെ ദുരവസ്ഥ പഞ്ചായത്ത് ഇനിയും മനസിലാക്കിയിട്ടില്ല. ഷീറ്റു മേല്‍ക്കൂരയ്ക്കു താഴെ പൊള്ളുന്ന ചൂടിൽ തളരുകയാണ് കുട്ടികള്‍. ചെറിയമുറിക്കുളളിലാണ് കുട്ടികളുടെ പഠനവും ഉറക്കവും കളിയുമെല്ലാം. കുടിക്കാന്‍ വെളളമില്ല. ഇതിനോട് ചേര്‍ന്നുളള പഴയ കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറിയത്. ഇതും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതല്ല

പതിനാറ് കുട്ടികളുണ്ടെങ്കിലും അംഗന്‍വാടിയില്‍ എത്തുന്നവരുടെ എണ്ണം അഞ്ചോ ആറിലോ ഒതുങ്ങുന്നു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് അംഗന്‍വാടിയിലേക്ക് കുട്ടികളെ അയക്കാന്‍ പലരും മടിക്കുന്നത്. ഇൗ സാഹചര്യത്തില്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയതു നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.