ഊര്‍ങ്ങാട്ടിരിയില്‍ പത്തു കോടിയുടെ ജലനിധി പദ്ധതി മുടങ്ങി

ചാലിയാറിലെ വെളളത്തിന്റെ നിറമാറ്റത്തെ തുടര്‍ന്ന് കുടിവെളളക്ഷാമം രൂക്ഷമായ ഊര്‍ങ്ങാട്ടിരിയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് പത്തു കോടിയുടെ ജലനിധി പദ്ധതി. വെളളം ശുദ്ധീകരിക്കാന്‍ സംവിധാനമില്ലാത്തതിന്റെ പേരില്‍ ജലസേചനവകുപ്പ് പമ്പിങ് നിര്‍ത്തിയപ്പോള്‍ ആശ്വാസമാകേണ്ടിയിരുന്ന പദ്ധതിയാണ് പൂര്‍ത്തിയാക്കാത്തത്.

ചാലിയാറിലെ വെളളത്തില്‍ അനബീന, സൈനോ ബാക്ടീരിയകളുടെ സാന്നിധ്യം ഉറപ്പായതോടെ വെളളം ശുദ്ധീകരിക്കാതെയുളള പമ്പിങ് നിര്‍ത്തിവക്കാന്‍ സി.ഡബ്ലിയു. ആര്‍.ഡി.എമ്മിലെ വിദഗ്ധസംഘം ആവശ്യപ്പെട്ടിരുന്നു. പമ്പിങ് നിലച്ചതോടെ ഊര്‍ങ്ങാട്ടിരി മേഖലയിലെ രണ്ടായിരത്തില്‍ അധികം കുടുംബങ്ങള്‍ കുടിവെളളം മുട്ടി. പത്തു കോടി രൂപയുടെ ജലനിധി പദ്ധതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചതാണ്. കോടികള്‍ ചെലവഴിച്ച ശേഷം നിര്‍മാണം പാതിവഴിയില്‍ നിലച്ചു. 

ഇരുപതു മാസംകൊണ്ട് ജലപദ്ധതി പൂര്‍ത്തിയാക്കണമെന്ന നിബന്ധന കരാറുകാരന്‍ പാലിച്ചില്ല. കുടിവെളളക്ഷാമം രൂക്ഷമായപ്പോഴാണ് ചാലിയാറിന്റെ തീരത്തുളളവര്‍ ജലനിധിയെക്കുറിച്ച് ആലോചിക്കുന്നത്. ജലനിധി പദ്ധതിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ രംഗത്തെത്തിയിട്ടുണ്ട്.