നഗരസഭയിലെ ഒൻപത് വാർഡുകൾ കുടിവെള്ളക്ഷാമ ഭീഷണിയിൽ

തലശേരി നഗരസഭയിലെ ഒൻപത് വാർഡുകൾ കുടിവെള്ളക്ഷാമ ഭീഷണിയിൽ. പ്രതിസന്ധി പരിഹരിക്കാനായി കൊടുവള്ളി ചിറക്കകാവിൽ തുടങ്ങിയ ജലസംഭരണിയുടെ നിർമാണം മുടങ്ങിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.

 അതിനൊപ്പം വരൾച്ചയും. തലശേരി നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് ജലസംഭരണി നിർമിക്കാന്‍ തീരുമാനിച്ചത്. ഒന്‍പത് വാര്‍ഡുകളിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായിരുന്നു.നിര്‍മാണ സാധനങ്ങള്‍ തൊഴിലാളികള്‍ എടുത്തുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പദ്ധതി മുടങ്ങിയ വിവരം നാട്ടുകാര്‍ അറിയുന്നത്. കരാറുകാരന്‍ കരിമ്പട്ടികയിൽ ഉൾപ്പെട്ടതാണ് കാരണം.

2017 ഡിസംബർ മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാകേണ്ടിരുന്ന പദ്ധതിയാണ് പുതിയ കരാറുകാരനെ കാത്ത് നീണ്ടുപോകുന്നത്. മഴ കുഴികളും ജലസംഭരണികളും നിർമിച്ച് ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ നാട്ടുകാരും ശ്രമിക്കുന്നുണ്ട്.