കീടനാശിനി തീണ്ടാത്ത പച്ചക്കറിയുമായി ഒരു കൂട്ടായ്മ

vegetable
SHARE

കീടനാശിനി തീണ്ടാത്ത പച്ചക്കറി നാടിനു നല്‍കി മാതൃകയാകുകയാണ് കോഴിക്കോട് ചേളന്നൂരിലെ പുരുഷക്കൂട്ടായ്മ. ഒരേക്കര്‍ കൃഷിയിടത്തില്‍ വിളയാത്ത പച്ചക്കറിയില്ല. സമന്വയ റസിഡന്റ്സ് അസോസിയേഷന്റെ കീഴില്‍ കൃഷിവകുപ്പിന്റെ ആത്മപദ്ധതിയുമായി സഹകരിച്ചാണ് ജൈവകൃഷി നടപ്പാക്കുന്നത്.

ഒരേക്കറില്‍ വിളവെടുത്തത് പത്തിനം പച്ചക്കറികള്‍. പൂര്‍ണമായും ജൈവകൃഷിരീതിയാണ് പരീക്ഷിച്ചത്. ചേളന്നൂര്‍ കൂട്ടായ്മ ഇങ്ങനെ കൃഷിക്കൊപ്പം ചേര്‍ന്നിട്ട് വര്‍ഷം അഞ്ചായി. ജോലിത്തിരക്കിനിടയിലുംം ഇവര്‍ മുടങ്ങാതെ രണ്ടുനേരം കൃഷിയിടത്തിലേക്കെത്തും. മത്തനും വെള്ളരിയും പാവലുമൊക്കെ നൂറുമേനി വിളഞ്ഞുകിടക്കുന്നത് സമൃദ്ധിയുടെ കാഴ്ചയാണ്. വെറുതെയൊരു ജൈവകൃഷി പരീക്ഷണമായിരുന്നില്ല. മണ്ണിനെ നന്നായി അറിയാനുള്ള ശ്രമമായിരുന്നു. നല്‍കിയതിന്റെ ഇരട്ടി മടക്കി നല്‍കി മണ്ണും മനസുനിറച്ചു.

വിളവെടുപ്പിനു പിന്തുണയുമായി എം.കെ.രാഘവന്‍ എം.പിയുമെത്തി. പച്ചക്കറിയെല്ലാം നാട്ടുകാര്‍ക്ക് തന്നെ നല്‍കാനായിരുന്നു തീരുമാനം. പയറിനും ചീരയ്ക്കും കക്കിരിക്കുമൊക്കെ ആവശ്യക്കാരേറെ. വിപണി വിലയെക്കാള്‍ കൂടുതല്‍ നല്‍കിയാലും വിഷം തീണ്ടാത്ത പച്ചക്കറി കഴിക്കാമെന്ന സന്തോഷമായിരുന്നു പലര്‍ക്കും. പാട്ടത്തിനെടുത്തുള്ള കൃഷി കൂടുതല്‍ മണ്ണിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം.

MORE IN NORTH
SHOW MORE