റോഡുകളുടെ വികസനവും ഗതാഗതക്കുരുക്കും തലശ്ശേരിക്ക് വെല്ലുവിളി

കോർപറേഷൻ പദവിക്കായി കാത്തിരിക്കുന്ന തലശേരിയുടെ മുൻപിലുള്ള വെല്ലുവിളി റോഡുകളുടെ വികസനവും ഗതാഗതക്കുരുക്കുമാണ്. സംസ്ഥാനത്തുതന്നെ ദേശീയപാത ഏറ്റവും വീതി കുറഞ്ഞ് കടന്നു പോകുന്നത് തലശേരിയിലൂടെയാണ്. 

എന്നും ഗതാഗതകുരുക്കാണ് തലശേരി നഗരത്തിൽ. പ്രത്യേകിച്ച് ദേശീയ പാതയിൽ. റോഡിനോട് ചേർന്നാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സാധനങ്ങൾ കയറ്റിയിറക്കാൻ ചരക്കുലോറികൾ നിറുത്തി കഴിഞ്ഞാൽ ദേശീയപാതയിൽ ഗതാഗതക്കുരുകാകും. പാർക്കിങ്ങിനും സൗകര്യമില്ല. 

നാല് പതിറ്റാണ്ടായി പറഞ്ഞു കേൾക്കുന്ന മാഹി ബൈപാസ് യഥാർഥ്യമായാൽ തലശേരി നഗരത്തിന് അൽപം ശ്വാസം വിടാം. ദേശീയ പാതയ്ക്ക് വീതി കൂട്ടണമെങ്കിൽ തീരദേശത്തെ കടമുറികൾ പൊളിച്ച് നീക്കേണ്ടി വരും. അതോടെ തലശേരി നഗരത്തിന്റെ ചരിത്രപരമായ തനിമ നഷ്ടമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.