മലപ്പുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രം പൂട്ടിയിട്ട് 15വർഷം

പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ ചെറുകാവ് പുത്തൂപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നു. അടഞ്ഞു കിടക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ച്ചാഭീഷണിയിലാണ്. ഇരുപത് വര്‍ഷം മുന്‍പ് നിര്‍മിച്ച പുത്തുപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രം നിലനിര്‍ത്താന്‍ ആരോഗ്യ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായില്ല.

 ചെറുകാവ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറെക്കാലം പ്രവര്‍ത്തിപ്പിച്ചു. അഞ്ചു വര്‍ഷത്തിന് ശേഷം ജുനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആരോഗ്യകേന്ദ്രം അടച്ചു പൂട്ടി. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഉപകേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമാണിപ്പോള്‍. വാതിലുകളും ജനലുകളുമെല്ലാം ചിതലരിച്ച് നശിച്ചു കഴിഞ്ഞു. ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയി. ആരോഗ്യകേന്ദ്രം വീണ്ടും തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ഒാഫീസുകള്‍ കയറിയിറങ്ങി മടുത്തു.