മോഷണത്തിനിടെ കൊലപാതകം: കുറ്റവാളികളെ കണ്ടെത്താതെ പാലക്കാട് പൊലീസ്

മോഷണത്തിനിടെ വീട്ടുകാരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ പതിവാകുമ്പോള്‍ ഇനിയും പ്രതികളെ കണ്ടെത്താതെ കുഴയുകയാണ് പാലക്കാട് പൊലീസ്. ഒരു വര്‍ഷം മുന്‍പ് നടന്ന കടമ്പഴിപ്പുറത്തെ വൃദ്ധദമ്പതികളുടെ കൊലപാതകമാണ് ജില്ലയില്‍ തുമ്പില്ലാതെ ശേഷിക്കുന്ന മോഷണക്കേസ്. 

കണ്ണുകുർശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ ഭാര്യ തങ്കമണി എന്നിവരെ കൊലപ്പെടുത്തിയതാണ് കടമ്പഴിപ്പുറത്തുകാരെ ഒാരോ മോഷണങ്ങളുണ്ടാകുമ്പോഴും ഒാര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. 2016 നവംബർ 15 നാണ് വൃദ്ധദമ്പതികളെ കൊലപ്പെടുത്തി മോഷണം നടത്തിയത്. മോഷ്ടാക്കള്‍ ആരെന്നോ മോഷണമുതല്‍ എത്രയെന്നോ ഇനിയും തിട്ടപ്പെടുത്തതെ ജില്ലയില്‍ ശേഷിക്കുന്ന പ്രധാന കേസാണിത്. ഗോപാലകൃഷ്ണനെയും തങ്കമണിയെയും മാരകമായി മുറിവേല്‍പ്പിച്ചാണ് ഒരു തെളിവും ശേഷിപ്പിക്കാതെ മോഷ്ടാക്കള്‍ കടന്നത്. വീടിന്റെ ഓട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഉന്നത പോലീസ് മേധാവികളൊക്കെ അന്വേഷണ നടപടികള്‍ വിലയിരുത്തിയ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ശാസ്ത്രീയ അന്വേഷണം തുടരുകയാണെന്ന പതിവ് മറുപടി. കഴിഞ്ഞദിവസങ്ങളില്‍ കൊച്ചിയിലും കാസര്‍കോട്ടുമുണ്ടായ മോഷണഅതിക്രമങ്ങളുമായി സാമ്യമുളളതാണ് കടമ്പഴിപ്പുറം മോഷണവും.