കാറല്‍മണ്ണ കഥകളി ഉല്‍സവത്തിൽ മൂന്നാംദിനം തോരണയുദ്ധം ആട്ടക്കഥ

പാലക്കാട് കാറല്‍മണ്ണയിലെ കഥകളി ഉല്‍സവത്തിന്റെ മൂന്നാംദിനം തോരണയുദ്ധം ആട്ടക്കഥയാണ് അരങ്ങേറിയത്. കൊട്ടാരക്കര തമ്പുരാന്റെ ആറാമത്തെ ആട്ടക്കഥയാണ് തോരണയുദ്ധം. ആദ്യന്തം നിറഞ്ഞു നിൽക്കുന്ന മേളം, പുരാണ ബോധത്തെ അടിസ്ഥാനമാക്കി മനോധർമാവിഷ്ക്കാര രീതിയിൽ അഭിനയിക്കാൻ വക നൽക്കുന്ന കഥാസന്ദർഭം, ഇതൊക്കെയാണ് തോരണയുദ്ധം കഥയുടെ ആവിഷ്ക്കാര ക്രമത്തിന്റെ സവിശേഷത. 

ശ്രീരാമദൂതനായി ലങ്കയിലെത്തി സീതയെ കണ്ടതിനുശേഷം ഹനുമാന്‍ പ്രമദാവനത്തിന്റെ ഗോപുരത്തിങ്കലിരുന്ന് രാക്ഷസരുമായി ചെയ്ത യുദ്ധത്തിനെ സൂചിപ്പിക്കുന്നതാണ് തോരണയുദ്ധം. ഹനുമാന്റെ ലങ്കാദഹനത്തോെട പൂര്‍ത്തിയാകുന്ന ആട്ടക്കഥയുടെ അതിമനോഹരമായ അവതരണം ആസ്വാദകരുടെ മനസുനിറച്ചു. ഹനുമാനായി സദനംഭാസിയും ലങ്കാലക്ഷ്മിയായി കലാമണ്ഡലം ഷൺമുഖദാസും വേഷമിട്ടു. മുദ്രാ കലാസാംസ്കാരിക കൂട്ടായ്മയും വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റും കേരള സംഗീത നാടക അക്കാദമിയും ചേര്‍ന്നാണ് കാറല്‍മണ്ണയില്‍ കഥകളി ഉല്‍സവം സംഘടിപ്പിക്കുന്നത്