വയനാട്ടില്‍ പലയിടത്തെയും നെല്‍ക്കൃഷി നശിക്കുന്നു

കൊയ്യാനും മെതിക്കാനും കൃത്യസമയത്ത് യന്ത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ വയനാട്ടില്‍ പലയിടത്തെയും നെല്‍ക്കൃഷി നശിക്കുന്നു. മെതിയന്ത്രം കിട്ടാത്തതിനാല്‍ ബത്തേരി ചെതലയത്തെ ആദിവാസി കര്‍ഷകരുടെ ഒരേക്കറോളം സ്ഥലത്തെ കൊയ്തിട്ട നെല്ല് മുളയ്ക്കാന്‍ തുടങ്ങി. ഉദ്യാഗസ്ഥരും പാടശേഖരസമിതിയും വിവേചനം കാണിക്കുന്നു എന്നാണ് ഇവിടുത്തെ കര്‍ഷകരുടെ പരാതി. 

ആറു പറ നെല്ലളന്നാല്‍ ഒരു പറയാണ് കൊയ്ത് കറ്റ മെതിക്കുന്നവര്‍ക്കുള്ള ഇന്നാട്ടിലെ കൂലി. പറയെത്രവേണമെങ്കിലും കൊടുക്കാന്‍ തയാറാണ് പക്ഷെ കൊയ്യാനും മെതിക്കാനും ആളെക്കിട്ടുന്നില്ല. പിന്നെ ആശ്രയം കൃഷിവകുപ്പ് വഴി ലഭിക്കുന്ന മെതി യന്ത്രങ്ങളാണ് പക്ഷെ ബത്തേരി ചെതലയത്തെ കൃഷിക്കാര്‍ക്ക് അതും ലഭിക്കുന്നില്ല. ഒരാഴ്ചയായി പാടത്ത് കിടക്കുകയാണ് ഈ കറ്റകള്‍ ഒരു ദിവസം കൂടി മഴ നനഞ്ഞാല്‍ ഉറപ്പായും വിത്തുകള്‍ മുളയ്ക്കും. 

സ്ഥലം പാട്ടത്തിനെടുത്ത് വലിയ മുതല്‍ മുടക്കിയാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. ഭൂരിഭാഗവും ആദിവാസി വിഭാഗത്തിലുള്ളവര്‍ കാടിനോട് ചേര്‍ന്നാണ് കൃഷിയിടം. വന്യമൃഗങ്ങളോട് പൊരുതിയുണ്ടാക്കിയ വിളവ് പക്ഷെ കണ്‍മുന്നില്‍ നശിക്കുകയാണ്.