മികവിന്റെ ഇടമായി ബഡ്സ് സ്കൂള്‍ കലോല്‍സവം

പരിമിതിയില്ലാതെ മികവിന്റെ ഇടമായി ബഡ്സ് സ്കൂള്‍ കലോല്‍സവം. കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ക്കായി കലോല്‍സവം സംഘടിപ്പിച്ചത്. ‍ടാഗോര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അഞ്ഞൂറിലധികം കുട്ടികള്‍ പങ്കെടുത്തു. 

ജോബിന്‍ ജേക്കബും സംഘവും വളരെ സന്തോഷത്തിലാണ്. വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കേണ്ടതിന്റെ ആശങ്കയൊന്നും ഇവര്‍ക്കില്ല. നന്നായി പരിശീലിച്ചതുക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസം. 

നിലയ്ക്കാത്ത കരഘോഷത്തോടെയാണ് സാന്‍റ്റാക്ലോസിനെയും, മാവേലിയേയും, തെയ്യത്തേയുമൊക്കെ കാണികള്‍ സ്വീകരിച്ചത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനമുണ്ട്. മറ്റ് കലോല്‍സവങ്ങളിലെന്നപോലെ കുട്ടികള്‍ തമ്മിലുള്ള വാശിയേറിയ മല്‍സരങ്ങള്‍ക്ക് പകരം ഓരോരുത്തര്‍ക്കും കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 

സ്റ്റേജില്‍ മല്‍സരം തകൃതിയായി നടക്കുമ്പോള്‍ അധ്യാപികമാരുടെ മുഖത്തായിരുന്നു ടെന്‍ഷന്‍. പരിപാടി കണ്ട് മടുത്ത ചിലര്‍ കാണികള്‍ക്കിടയിലൂടെ ഇറങ്ങിവന്ന് ചുവട് വച്ചതോടെ ആഘോഷം പൊടിപൂരം.