ജയില്‍വളപ്പില്‍ നിന്ന് പുതിയ സംഗീത സംഘം

മലയാളികളുടെ സംഗീത സദസിലേയ്ക്ക് ജയില്‍വളപ്പില്‍ നിന്ന് പുതിയ സംഘം. കോഴിക്കോട് ജയിലിലെ സംഗീതാഭിരുചിയുള്ള ജീവനക്കാരുടെ സംഘമാണ് 1862 എഡി എന്ന പേരില്‍ ഗാനമേള ട്രൂപ്പിന് രൂപം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്താകമാനം പരിപാടി അവതരിപ്പിക്കുന്നതിനൊപ്പം തടവുകാരില്‍ മികച്ച ഗായകരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. 

തടവറയ്ക്കുള്ളിലാണെങ്കിലും രണ്ടര മണിക്കൂര്‍ നേരം ഇവിടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പാടാം, കൂടെപ്പാടാം, നൃത്തം ചവിട്ടാം, കൈയ്യടിക്കാം. ഉദ്യോഗസ്ഥരാരും കണ്ണുരുട്ടില്ല. ജയില്‍ദിനാഘോഷത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഗായകരായി അരങ്ങിെലത്തിയ ഗാനമേളയ്ക്ക് തടവുകാര്‍ മികച്ച മികച്ച വരവേല്‍പാണ് നല്‍കിയത്. പ്രഫഷണല്‍ ഗായകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനവുമായി അസിസ്റ്റന്റ് സൂപ്രണ്ട് സണ്ണി ദാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘം സദസിനെ കൈയ്യിലെടുത്തു. ജയില്‍ സ്ഥാപിതമായ വര്‍ഷമാണ് ട്രൂപ്പിന് നല്‍കിയിരിക്കുന്നത് 1862 എ.ഡി. 

നിലവില്‍ ട്രാക്കിന്റെ അകമ്പടിയിലുള്ള ഗാനമേള വൈകാതെ ഓര്‍ക്കസ്്ട്ര ഉള്‍പ്പെടുത്തി വിപുലമാക്കും. ഉദ്യോഗസ്ഥര്‍ മാത്രാണ് നിലവില്‍ ഗായകരായുള്ളത്. ഇതോടൊപ്പം തടവുകാരില്‍ മികച്ച പാട്ടുകാരെയും മികവുറ്റ ഗായികമാരെയും ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് ആദ്യമായി ജയില്‍ കേന്ദ്രീകരിച്ച് ഗാനമേള ട്രൂപ്പ് തുടങ്ങാന്‍ കിട്ടിയ അവസരം വിപുലമാക്കുന്നതിനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കോഴിക്കോട് ജയിലിലെ മുഴുവന്‍ അന്തേവാസികളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു.