വിവാദ കുരുക്കിൽ വീണ്ടും എംഎം മണി

മന്ത്രി എം.എം മണി സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയെന്ന് പരാതി. ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് മന്ത്രിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനേയും, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയേയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം മന്ത്രി നടത്തിയെന്നാണ് പരാതി.

സി.പി.എം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന്റെ സമാപനവേദിയില്‍ നടത്തിയ ഈ പരാമര്‍ശമാണ് മന്ത്രിക്കെതിരായ പുതിയ പരാതിക്ക് ആധാരം. സ്ത്രീകള്‍ക്കുനേരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എം.എം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ജില്ല ജനറല്‍ സെക്രട്ടറി ടി.വി.ഷിബിനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എസ്.പി കെ.ജി.സൈമണ്‍ പരാതി കാഞ്ഞങ്ങാട് ഡി.വൈ.എസ്പി കെ.ദാമോദരന് കൈമാറിയിട്ടുണ്ട്. 

സ്ത്രികളെക്കുറിച്ച് അശ്ലിലച്ചുവയോടെ സംസാരിച്ച മന്ത്രി രാജിവയ്ക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു. അതേസമയം മന്ത്രിക്കെതിരായ പരാതിയില്‍ പൊലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. പരാതിയില്‍ അന്വേഷണം നടത്താന്‍ മതിയായ തെളിവുകളില്ലെന്നാണ് പൊലീസിന്റെ നിലപാട്.നേരത്തെ പെമ്പിളൈ ഒരുമയ്ക്കെതിരായ പരാമര്‍ശത്തിലും എം.എം.മണിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.