മിഠായിത്തെരുവില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ച് ഭരണകൂടം

നവീകരണം പൂര്‍ത്തിയായ കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ച് ജില്ലാഭരണകൂടം. വന്‍കിടക്കാരെ സഹായിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരം തുടങ്ങുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. 

ഇരുപത്തി അഞ്ച് വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മിഠായിത്തെരുവ് മുഖം മിനുക്കിയത്. പലപ്പോഴായി അഗ്നിബാധ ആശങ്കപ്പെടുത്തിയിരുന്ന തെരുവില്‍ ഏറ്റവും ശ്രദ്ധ നല്‍കിയിരിക്കുന്നത് അഗ്നി പ്രതിരോധത്തിനാണ്. വൈദ്യുതിവിതരണം പൂര്‍ണമായും ഭൂഗര്‍ഭ കേബിള്‍ വഴിയാക്കി. നവീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ മിഠായിത്തെരുവിന്റെ തനിമ നിലനിര്‍ത്തുന്നതിനും സ്വതന്ത്രമായി ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ഗതാഗത നിയന്ത്രണം വേണമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഒരു വിഭാഗം വ്യാപാരികളില്‍ നിന്നൊഴികെ പൂര്‍ണ പിന്തുണ കിട്ടിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

ജില്ലാഭരണകൂടത്തിന്റെ നിലപാട് ചില വന്‍കിടക്കാരെ സഹായിക്കാനെന്ന അഭിപ്രായമാണ് വ്യാപാരികള്‍ക്കുള്ളത്. ഒരു തരത്തിലുമുള്ള വാഹനനിയന്ത്രണം അംഗീകരിക്കില്ല. ഗതാഗതം നിരോധിക്കുന്നത് ആളുക‌ള്‍ മിഠായിത്തെരുവില്‍ എത്താതിരിക്കുന്നതിന് കാരണമാകും. 

വ്യാപാരികളുടെ നിലപാടറിയാന്‍ ആരും ശ്രമിച്ചില്ല. വാഹനനിരോധന തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും വ്യാപാരികള്‍ പറയുന്നു. വിഷയം കൗണ്‍സില്‍ തീരുമാനിക്കുമെന്ന് കോഴിക്കോട് മേയര്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് ജനപ്രതിനിധികള്‍ വ്യക്തമാക്കുന്നത്.