തലായി ഹാര്‍ബർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം തലശേരി തലായി ഹാർബർ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മുപ്പത് കോടി രൂപ മുടക്കി നിര്‍മിച്ച ഹാർബര്‍ അടുത്തമാസം തുറന്നുകൊടുക്കും. മാഹിക്കും തലശേരിക്കും ഇടയിലുള്ള തലായിൽ ഹാർബർ വേണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്. പത്ത് വർഷം മുൻപ് തറക്കല്ലിട്ട് നിർമാണം തുടങ്ങിയ പദ്ധതി ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. രണ്ട് പുലിമുട്ടുകൾ, ലാന്റിങ് ജെട്ടികൾ, വല നെയ്ത്ത് കെട്ടിടം, ലേലപുര തുടങ്ങിയവയും തയ്യാറായി. 1964ലാണ് തലായി കടപ്പുറം മത്സ്യബന്ധന തുറമുഖം നിർമിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയത്. 

രണ്ട് ചെറുകിട പുലിമുട്ടുകളുടെ നിർമാണവും മണൽ കോരി ആഴം കൂട്ടുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്. ഹാർബറിൽനിന്ന് ഗോപാലപേട്ടയിലേക്കുള്ള തീരദേശ റോഡിന്റെ നിർമാണവും ഉടൻ ആരംഭിക്കും