മീസിൽസ് റുബല്ല കുത്തിവെപ്പ് നടപടി ഊർജിതമാക്കി മലപ്പുറം

മീസിൽസ് റുബല്ല പ്രതിരോധ കുത്തിവെപ്പ് നടപടി ഊർജിതമാക്കി മലപ്പുറം ജില്ല. ഇതു വരെ 68.94 ശതമാനം കുട്ടികളാണ് കുത്തിവയ്പ്പ് എടുത്തത്.ഈ മാസം 16 വരെയാണ് കുത്തിവെപ്പിനായി ജില്ലയ്ക്കനുവദിച്ച സമയം 

പ്രതിരോധ കുത്തിവെപ്പിൽ പിന്നിൽ നിൽക്കുന്ന ജില്ലയെ മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. എട്ടുലക്ഷത്തി ഇരുപത്തിനാലായിരം കുട്ടികളാണ് ഇതുവരെ കുത്തിവെപ്പ് എടുത്തത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ മാസം 16 വരെ സമയം നീട്ടി നൽകിയിരുന്നു. ആ സമയത്തിനുള്ളിൽ 95 ശതമാനം എത്തിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. നീട്ടി നൽകിയ സമയപരിധിക്ക് ശേഷവും പ്രതിരോധ കുത്തിവെപ്പുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 

ഡപ്യൂട്ടി കലക്ടർ അരുണിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നടപടികൾ ദിവസവും നിരീക്ഷിക്കും. എം.എല്‍.എമാര്‍, മത സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും പ്രത്യേക ക്യാംപയിൻ നടക്കുന്നുണ്ട്.