കാസർഗോഡ് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

കാസര്‍കോട് നീലേശ്വരം റയില്‍വെ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. നീലേശ്വരം രാജാസ് ഹയർസെക്കണ്ടറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്റ്റേഷനും പരിസരവും വൃത്തിയാക്കിയായിരുന്നു പ്രതിഷേധ പരിപാടി. 

മൂന്ന് പതിറ്റാണ്ട് മുമ്പ് രാജാസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. സ്റ്റേഷന് സമീപത്തെ കാടുകള്‍ നീക്കം ചെയ്യുകയായിരുന്നു ആദ്യപടി. സ്റ്റേഷന്റെ അധീനതയിലുള്ള 26 ഏക്കർ വ്യാപിച്ചു കിടക്കുന്ന സ്ഥലം ഘട്ടം ഘട്ടമായി ശുചീകരിക്കുകയാണ് ലക്ഷ്യം. പൂര്‍വവിദ്യാര്‍ഥികള്‍ക്കൊപ്പം പുതുതലമുറയിലെ വിദ്യാര്‍ഥികളും നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരും, എന്‍.സി.സി കേഡറ്റുകളും നീലേശ്വരം പൗരവലിയും ശുചീകരണത്തില്‍ പരിപാടിയില്‍ പങ്കെടുത്തു. 

സ്റ്റേഷന് സമീപത്തെ മാലിന്യക്കൂമ്പാരവും പ്രതിഷേധക്കാര്‍ നീക്കം ചെയ്തു. പ്രദേശത്തെ ജനപ്രതിനിധികളും റെയില്‍വേ ഉദ്യോഗസ്ഥരും നീലേശ്വരം സ്റ്റേഷനോട് പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണം എന്നതാണ് പ്രധാന ആവശ്യം. സ്റ്റേഷന്റെ വികസനം കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു.സിപിഎം ഏരിയാസമ്മേളനത്തിന്റെ ഭാഗമായി രണ്ട് ദിവസം മുമ്പ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ചിരുന്നു.