ബേക്കലിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഒരുങ്ങുന്നു

സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കാസര്‍കോട് ബേക്കല്‍ കോട്ടയില്‍ സഞ്ചാരികള്‍ക്കായി ലൈറ്റ് ആന്റ് സൗണ്ട് ഷോ ഒരുങ്ങുന്നു. ആറുമാസത്തി‌നകം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് വിനോദസഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്. നാലുകോടി രൂപ മുടക്കിലാണ് പദ്ധതി. 

ഉത്തരമലബാറിലേയ്ക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുങ്ങുന്നത്. കോട്ടയുടെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത രീതിയിലാണ് പദ്ധതി ആവിഷ്ക്കരിക്കുക. ബംഗലൂരു ആസ്ഥാനമായ ബിഎൻഎ ടെക്നോളജി കൺസൽറ്റൻസി ഷോയ്ക്കുവേണ്ടിയുള്ള സങ്കേതിക സംവിധാനങ്ങള്‍ ഒരുക്കും. ഇതിനുള്ള സൗകര്യങ്ങളും ക്രിമീകരണങ്ങളും വിലയിരുത്തുന്നതിനും പ്രദര്‍ശനവേദിയുടേയും, ഇരിപ്പിടങ്ങളുടേയും രൂപരേഖ തയ്യാറാക്കുന്നതിനുമായി വിദഗ്ദ്ധ‌സംഘം കോട്ടയില്‍ പരിശോധന നടത്തി. പ്രമുഖ തിരക്കഥകൃത്തായ വിജയേന്ദ്രപ്രസാദാണ് ലൈറ്റ് ആൻഡ് ഷോയുടെ തിരക്കഥയും ആവിഷ്ക്കാരവും നിര്‍വഹിക്കുന്നത്. 

ചരിത്രത്തിലെ പ്രധാന ഏടുകള്‍ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ സഞ്ചാരികള്‍ക്ക് മുന്നിലെത്തും. ദിവസവും രണ്ടു പ്രദർശനങ്ങൾ ഉണ്ടാകും. സന്ദര്‍ശകരുടെ തിരക്ക് ഏറുന്ന അവധി ദിവസങ്ങളില്‍ കൂടുതല്‍ പ്രദര്‍ശനം ഒരുക്കുന്നതിനെക്കുറിച്ചും ഡി.റ്റി.പി.സി തീരുമാനിക്കും. ഇതിനൊപ്പം മൈസൂർ കോട്ടയുടേതിന് സമാനമായ വൈദ്യുത വിളക്ക് അലങ്കാരങ്ങളും ബേക്കലിലും സജ്ജമാക്കും. 2009- ലാണ് ലൈറ്റ് ആന്‍റ് സൗണ്ട് ഷോ പദ്ധതി വിനോദ സഞ്ചാര വകുപ്പ് തയാറാക്കുന്നത്. എന്നാല്‍ കേന്ദ്ര പുരാവസ്തു വകുപ്പിൽ നിന്നടക്കമുള്ള അനുമതികള്‍ അനന്തമായി വൈകിയതിനെത്തുടര്‍ന്നാണ് പദ്ധതി നടത്തിപ്പിന് ഇത്രത്തോളം കാലതാമസം നേരിട്ടത്.