എൻഡോസള്‍ഫാൻ: പട്ടികയിലെ കൂട്ടിച്ചേർക്കലിനെതിരെ ദുരിതബാധിതരുടെ പ്രതിഷേധം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സര്‍ക്കാര്‍ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലിനെതിരെ പ്രതിഷേധവുമായി ദുരിതബാധിതര്‍. പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് കലക്ടേറ്റിന് മുന്നില്‍ ഉപവാസ സമരത്തിലാണ് ദുരിതബാധിതരും കുടുംബങ്ങളും. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം. 

പ്രതിഷേധ ജ്വാല തെളിയിച്ചായിരുന്നു ഏകദിന ഉപവാസ സമരത്തിന് തുടക്കം കുറിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് സമരസമിതിയുടെ പ്രധാന ആരോപണം. എന്‍ഡോസള്‍ഫാന്‍ ലോബിയുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയാണ് പുതുക്കിയ പട്ടികയില്‍ ദുരിതബാധിതരുടെ എണ്ണം കുറായിനിടയാക്കിയതെന്നും ആക്ഷേപമുണ്ട്. ദുരിത ബാധിതര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്‍ നിരയില്‍ നിന്ന ഡി.വൈ.എഫ്.ഐ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം നിശബ്ദമായെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു. 

അടുത്തമാസം നിയമസഭ സമ്മേളനം ആരംഭിക്കുമ്പോള്‍ പ്രതിഷേധം തിരുവനന്തപുരത്തേയ്ക്ക് വ്യാപിപ്പിക്കും. നിയമസഭയ്ക്ക് മുന്നില്‍ ഇരകളും, കുടുംബാഗംങ്ങളും അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് തീരുമാനം. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരുള്‍പ്പെടെ ആയിരത്തോളം പേരാണ് ഇന്ന് ഉപവാസ സമത്തില്‍ പങ്കെടുത്തത്. പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കിയതിലെ പ്രതിക്ഷേധം പലരും പ്രകടിപ്പിച്ചു. ദുരിതബാധിതരുടെ പുനരധിവാസ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം, നിലവില്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കം ചെയ്യണം എന്നിവയും ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.