കോഴിക്കോട് പള്ളിക്കരയിലെ കള്ളനെ പിടികൂടാനുള്ള വഴിതേടി ഗ്രാമപഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിക്കും. പൊലീസിന്റെ സഹകരണത്തോടെ രാത്രികാലങ്ങളിലെ പരിശോധന വിപുലമാക്കുന്നതിനാണ് തീരുമാനം. തുടര്‍ച്ചയായി വീടുകളില്‍ കവര്ച്ചയുണ്ടാകുന്നതിനെ തുടര്‍ന്നുള്ള പള്ളിക്കരക്കാരുടെ ഭീതി മനോരമ ന്യൂസ് നാട്ടുവാര്‍ത്താ പരമ്പരയിലൂടെയാണ് പുറംലോകമറിഞ്ഞത്.
കള്ളനെ പിടികൂടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് രാത്രിയില്‍ പരിശോധന നടത്തുന്നത്. ഈ നടപടി തുടരുന്നത് കൊണ്ടാകാം കഴിഞ്ഞദിവസങ്ങളില്‍ കള്ളന്റെ വരവുണ്ടായില്ല. പള്ളിക്കരയിലെ പരിശോധനയ്ക്കായി മാത്രം രണ്ട് പ്രത്യേക സംഘത്തെ കഴിഞ്ഞദിവസം പയ്യോളി പൊലീസ് ചുമതലപ്പെടുത്തി. ഈ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ജനങ്ങളുടെ ഭീതിയകറ്റുന്നതിനുള്ള കൂടുതല്‍ വഴിതേടാനാണ് തിക്കോടി പഞ്ചായത്ത് തീരുമാനം.
ഒന്നരമാസത്തിനിടെ നാല്പതിലധികം വീടുകളില്‍ കവര്‍ച്ചയോ കവര്‍ച്ചാശ്രമമോ സംഭവിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തത്. മനോരമ ന്യൂസ് നാട്ടുവാര്‍ത്താ പരമ്പരയിലൂടെ പള്ളിക്കരയുടെ ഭീതി പുറംലോകമറിഞ്ഞു. ഇതെത്തുടര്‍ന്നാണ് പ്രതിരോധ നടപടികള്‍ക്ക് പൊലീസും പഞ്ചായത്തും ശ്രമം തുടങ്ങിയത്.