മരപ്പട്ടി ശല്യം രൂക്ഷം; കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വഴിമുട്ടി

മരപ്പട്ടികളെ കൊണ്ട് പ്രവർത്തനം വഴിമുട്ടി കുടുംബാരോഗ്യ കേന്ദ്രം. നാട്ടുകാരുടെയടക്കം പരാതിയിൽ കോതമംഗലം കീരംപാറ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച വനംവകുപ്പിന്റെ കെണിയിൽ ഒരു മരപ്പട്ടി കുടുങ്ങിയെങ്കിലും പിടികിട്ടാപുള്ളികൾ ഇനിയുമുണ്ടെന്ന് പറയുന്നു നാട്ടുകാർ.

കീരംപാറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മരപ്പട്ടികളുടെ ശല്യം തുടങ്ങിയിട്ട് നാളുകളായി. ആശുപത്രിയുടെ സീലിംഗിനുള്ളിൽ പെറ്റുപെരുകിയ മരപ്പട്ടികൾ വൻ നാശനഷ്ടമാണ് വരുത്തിവച്ചത്. പരാതിയും പെരുകിയതോടെയാണ് വനം വകുപ്പ് മരപ്പട്ടിയെ പിടികൂടാൻ ഒരു കൂട് തയാറാക്കിയത് . ദിവസവും മുന്നൂറിൽപരം രോഗികൾ വന്നുപോകുന്ന ഇടമാണിത്. മരട്ടപ്പട്ടിയുടെ മൂത്രം വീണ് പലപ്പോഴും ലാബിലെ പരിശോധനാ ഉപകരണങ്ങൾക്കും കംപ്യൂട്ടറിനും നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്.