വനമേഖലയിലെ ജനങ്ങള്‍ക്ക് ചികില്‍സ നിഷേധിച്ച് ആരോഗ്യ വകുപ്പ്

kuttampuzha-hospital
SHARE

വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ കുട്ടമ്പുഴ വനമേഖലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നിഷേധിച്ച് ആരോഗ്യ തദ്ദേശ വകുപ്പുകള്‍. കുട്ടമ്പുഴ ആശുപത്രിയില്‍ കിടത്തി ചികിത്സയോ ആവശ്യത്തിന് ഡോക്ടര്‍മാരോ ഇല്ലാത്തത് കാരണം വന്യമൃഗ ഭീഷണിയുള്ള റോഡിലൂടെ വേണം രാത്രികാലങ്ങളിലടക്കം കോതമംഗലത്തെത്താന്‍. തദ്ദേശവകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്തതാണ് കിടത്തിചികിത്സ വൈകുന്നതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.

കൈക്ക് പരുക്കേറ്റ രോഗിയുമായി കോതമംഗലം ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മ്ലാവിടിച്ച് ഒാട്ടോ മറിഞ്ഞ് ഡ്രൈവറായ വിജിലിന് കഴിഞ്ഞയാഴ്ച ജീവന്‍ നഷ്ടമായത്. കുട്ടമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സാ സൗകര്യമോ രാത്രിയില്‍ ഡോക്ടറോ ഉണ്ടായിരുന്നെങ്കില്‍ ഒഴിവാകുമായിരുന്ന അപകടം. കുട്ടമ്പുഴ വനത്തിലെ 17 ആദിവാസിക്കുടികളിലുള്ള കുടുംബങ്ങള്‍ വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി വേണം രോഗികളുമായി കുട്ടമ്പുഴയിലെത്താന്‍. പിന്നീട് മറ്റൊരു വാഹനത്തില്‍ കോതമംഗലം ആശുപത്രിയിലെത്തിക്കണം പ്രാഥമിക ചികിത്സയടക്കം ലഭിക്കാന്‍.

2013ല്‍ ഇവിടെ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ അനുവദിച്ചിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി ഉദ്ഘാടനവും നിര്‍വഹിച്ചു. പിന്നീട് വന്ന പഞ്ചായത്ത് ഭരണസമിതിയാണ് ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ഐപി ബ്ലോക്ക് വേണ്ടെന്നു വച്ച് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി. അടിസ്ഥാന സൗകര്യങ്ങള്‍ പോലും വര്‍ധിപ്പിച്ചില്ല. പിന്നീട് കിഫയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതോടെ 2020ല്‍ കിടത്തി ചികിത്സാസൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ കമ്മിഷന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. സൗകര്യം ഒരുക്കി നല്‍കിയാല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ ഒരുക്കി നല്‍കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും കമ്മിഷനെ അറിയിച്ചു. പക്ഷേ എല്ലാം കടലാസില്‍ ഒതുങ്ങി.

MORE IN CENTRAL
SHOW MORE