അപകടാവസ്ഥയിൽ ഐസ് പ്ലാന്റ്; അമോണിയ അതീവ സുരക്ഷയിൽ നീക്കം ചെയ്തു

vaikkom
SHARE

വൈക്കം കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിലെ അപകടാവസ്ഥയിലായ ഐസ് പ്ലാന്റിലെ അമോണിയ അതീവ സുരക്ഷയിൽ നീക്കം ചെയ്തു. മൂന്ന് വർഷത്തിലധികമായി പ്രവർത്തനം നിലച്ച പ്ലാന്റിൽ അമോണിയ ടാങ്കുകൾ അപകടാവസ്ഥയിലായതിനെ തുടർന്നാണ് നഗരസഭ ഇടപെട്ട് ദ്രവരൂപത്തിലുള്ള വാതകം നീക്കം ചെയ്യാൻ തുടങ്ങിയത്. സമീപത്തെ അഞ്ചോളം കുടുംബങ്ങളെ താൽക്കാലികമായി ഒഴിപ്പിച്ചും സ്വകാര്യ സ്കൂളിന് അവധി നൽകിയുമായിരുന്നു അമോണിയ നീക്കം ചെയ്യൽ.

2001 ൽ സ്ഥാപിച്ച ഈ പ്ലാന്റിലാണ് മത്സ്യമാർക്കറ്റിലേക്കാവശ്യമായ ഐസ് നിർമ്മിച്ചിരുന്നത്. മത്സ്യങ്ങൾ കേടുവരാതെ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജും ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ കാരാറെടുത്തയാളൊ നഗരസഭയൊ അറ്റകുറ്റപണി നടത്താതെ വന്നതിനെ തുടർന്നാണ് പ്ലാന്റ് അപകടാവസ്ഥയിലായത്. രണ്ട് തവണ അമോണിയ ചോർച്ച ഉണ്ടാവുകയും ചെയ്തു.  അമോണിയ ശ്വസിച്ച തൊഴിലാളിക്ക് പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാവേണ്ടിയും വന്നു. മൂന്ന് വർഷത്തിലധികമായി പ്ലാന്റ് അടഞ്ഞ് കിടക്കുകയും കൂടി ചെയ്തതോടെയാണ് ജീർണ്ണാവസ്ഥയിലായ ടാങ്കുകളിലെ അമോണിയ ഭീഷണിയായത്. 

സിലിണ്ടറുകളിൽ  ആയി ശേഖരിച്ച അമോണിയ പിന്നീട്  സുരക്ഷിതയിടത്ത് നിർവീര്യമാക്കി . ആവശ്യമെങ്കിൽ സഹായത്തിനായി പൊലീസ് , ഫയർഫോഴ്സ്,  ആംബുലൻസ് എന്നിവരുടെ സേവനംസജ്ജമാക്കിയ ശേഷമായിരുന്നു വാതകം നീക്കം ചെയ്യാൻ തുടങ്ങിയത്. നഗരസഭക്ക് ഫണ്ടില്ലാത്തതിനാൽ ജില്ലയിലെ തന്നെ വലിയ മത്സ്യമാർക്കറ്റായ ഇവിടെ സർക്കാർ ഇടപെട്ട് അമോണിയ ഉപയോഗിക്കാത്ത പുതിയ പ്ലാന്റ് സ്ഥാപിക്കാൻ നടപടി എടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

MORE IN CENTRAL
SHOW MORE