കാർണിവൽ ആഘോഷം; ഫോർട്ടുകൊച്ചിയിലെത്തിയത് മൂന്നുലക്ഷംപേർ; വൻദുരന്തം ഒഴിവായത് കഷ്ടിച്ച്

fortkochi-crowd
SHARE

ഫോര്‍ട്ടുകൊച്ചിയില്‍ പുതുവല്‍സരാഘോഷത്തിനെത്തിയ മൂന്നുലക്ഷംപേര്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയെന്ന് പൊലീസ്. വന്‍ദുരന്തം കഷ്ടിച്ച് ഒഴിവായതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഡിസിപിക്ക് നിര്‍ദേശം നല്‍കി.

ഫോര്‍ട്ടുകൊച്ചിലെ പുതുവല്‍സരാഘോഷത്തിന് വാഹനത്തിലും ബോട്ടിലും കാല്‍നടയായും ഒഴുകിയെത്തിയത് മൂന്നുലക്ഷത്തിലധികമെന്നാണ് പൊലീസിന്റെ കണക്ക്. പരമാവധി ഒന്നരലക്ഷം പേരെത്തുമെന്ന കണക്കുകൂട്ടലില്‍ ഡിസിപിയുടെയും നാല് എസിപിമാരുടെയും നേതൃത്വത്തില്‍ 800 പൊലീസുകാരെയാണ് വിന്യസിച്ചത്. പാര്‍ക്കിങ് സ്ഥലം തീര്‍ന്ന മുറയ്ക്ക് മൂന്നുഘട്ടമായി വിവിധ സ്ഥലങ്ങളില്‍ വാഹനഗതാഗതം തടഞ്ഞു. റോ റോ രാത്രി എട്ടുവരെ 76 സര്‍വീസ് നടത്തി. ഫോര്‍ട്ടുകൊച്ചിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും വളരെയധികമായിരുന്നു ജനക്കൂട്ടം. പൊടി പറക്കാതിരിക്കാനുളള ഒരു ക്രമീകരണവും ഉണ്ടായില്ല. പാപ്പാഞ്ഞിയെ കത്തിച്ചതിന് പിന്നാലെ ജനക്കൂട്ടം പുറത്തേക്കൊഴുകി. തിക്കും തിരക്കും രൂക്ഷമായി. 

റോ റോയിലും പരിധിയിലധികം ആളുകള്‍ കയറി. ഒടുവില്‍ എന്‍ജിന്‍ അമിതമായി ചൂടായതിനാല്‍ പുലര്‍ച്ചെ മൂന്നേമുക്കാലിന് റോ റോ നിര്‍ത്തിവച്ചു. ചികില്‍സാ സംവിധാനങ്ങളൊരുക്കുമെന്ന് അവലോകന യോഗത്തില്‍ പറഞ്ഞെങ്കിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. മൊബൈല്‍ റേഞ്ച് തകരാറിലായത് പ്രതിസന്ധി രൂക്ഷമാക്കി. പതിനഞ്ചിലധികം കുട്ടികള്‍ ഒറ്റപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അടുത്ത വര്‍ഷം സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളടക്കം വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം ഡിസിപി സമര്‍പ്പിക്കും. പുതുവല്‍സരാഘോഷത്തിന് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതടക്കം പരിഗണിച്ചേക്കും.

MORE IN CENTRAL
SHOW MORE