തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലേക്ക് റോഡ് വേണം; ആവശ്യവുമായി നാട്

thripunithura-metro
SHARE

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനിലേക്ക് റോ‍‍ഡ് സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി റസിഡന്റ്സ് അസോസിയേഷനുകള്‍ രംഗത്ത്. എസ്.എന്‍.ജംക്‌ഷനില്‍നിന്ന് നിര്‍മാണം പുരോഗമിക്കുന്ന ത‍ൃപ്പൂണിത്തുറ സ്റ്റേഷന്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ റോഡിലേക്ക് ബൈപ്പാസ് നിര്‍മിക്കണമെന്നാണ് ആവശ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റോഡ് നിര്‍മാണം പരിഗണനയിലില്ലെന്ന നിലപാടിലാണ് കെ.എം.ആര്‍.എല്‍.

കൊച്ചി മെട്രോയുടെ നിര്‍മാണഘട്ടത്തിലുള്ള അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെര്‍മിനല്‍. അടുത്തവര്‍ഷം പകുതിയോടെ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകും. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍റെ തൊട്ടടുത്താണ് മെട്രോയുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഇതിന് തൊട്ടടുത്തുതന്നെ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ തൃപ്പൂണിത്തുറ നഗരസഭ പദ്ധതിയിട്ടിരുന്നു. എസ്.എന്‍.ജംക്‌ഷനില്‍നിന്ന് നിര്‍ദിഷ്ട ബസ് ടെര്‍മിനല്‍ ഉള്‍പ്പെടുത്തി മിനി ബൈപ്പാസ് നിര്‍മിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. റോഡിന് നടുവിലൂടെ മെട്രോയ്ക്ക് തൂണ് സ്ഥാപിക്കാമെന്നും പറഞ്ഞിരുന്നു. പിന്നീട് റോഡ് പദ്ധതിയില്‍നിന്ന് നഗരസഭ പിന്‍മാറി. മേല്‍പ്പാലം സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം മാത്രം ഏറ്റെടുത്ത് മെട്രോ നിര്‍മാണവും തുടങ്ങി. 458 കോടി രൂപയാണ് നിര്‍മാണച്ചെലവ്. എന്നാല്‍ മെട്രോ സ്റ്റേഷനിലേക്ക് നിലവില്‍ ചെറു റോഡുകള്‍ മാത്രമാണ് ഉള്ളത്. ഇതിന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോടികള്‍ ആവശ്യമായ റോഡ് നിര്‍മാണം സര്‍ക്കാരാണ് നടത്തേണ്ടത് എന്നാണ് കെ.എം.ആര്‍.എല്‍ നിലപാട്.

MORE IN CENTRAL
SHOW MORE