കഠിന വഴികൾ പൂങ്കാവനമാക്കി നടന്നു കയറി അയ്യപ്പൻമാർ; സങ്കടങ്ങൾ സമർപ്പിച്ച് ശബരിമലയിറക്കം

sabarimala-11
SHARE

സങ്കടങ്ങളെല്ലാം അയ്യന്റെ കാൽക്കീഴിൽ സമർപ്പിക്കാനാണു  ശബരിമല യാത്ര. കല്ലും മുളളും കാലുക്ക് മെത്തെ എന്ന ശരണ മന്ത്രവുമായി മലകയറുന്ന പാദങ്ങൾ തന്നെ അമൂർത്തമായ ഭക്തിയുടെ ഒരു കാഴ്ചയാണ്.  

ചുട്ടുപൊള്ളുന്ന വഴികളിൽ കുളിരാകുന്ന  പമ്പയിൽ മുങ്ങി നിവർന്നാൽ പിന്നെ മലകയറ്റം.  കല്ലുകരടു കാഞ്ഞിരക്കുറ്റിയും, മുള്ളുമുരടു മൂർഖൻപാമ്പുമുള്ള കാട്ടുവഴികളിലൂടെയായിരുന്നു യാത്രകൾ. കരിമലകയറ്റം കഠിനമായാലും പൊന്നയ്യപ്പൻ കാക്കുമെന്നവിശ്വാസം. കുഞ്ഞുകാലടിവച്ചെത്തുന്ന കന്നിമലക്കാരും വൃശ്ചികം പിറന്നാൽ  അയ്യനെ  കണ്ടുതൊഴുതില്ലെങ്കിൽ കരളുപിടയ്ക്കുന്ന ഗുരുസ്വാമിമാർക്കും ഒരേ ശ്രുതിയാണ്,  പാദബലംതാ അയ്യപ്പാ, ദേഹബലം താ അയ്യപ്പാ. 

കഠിനവഴികളെല്ലാം പൂങ്കാവനമാക്കിയ യാത്രയിൽ  നടക്കുന്തോറും കാലുകൾക്കും ആവേശമേറുകയേയുള്ളൂ. കുരുന്നു പാദങ്ങൾ മുതൽ വാർധക്യം തളർത്തിയ പാദങ്ങൾ വരെ. ഊന്നുവടികളിൽ താങ്ങിയും ഇഴഞ്ഞും വരുന്ന പാദങ്ങൾ . പ്രാദേശികമായ അനുഷ്ഠാനങ്ങളുടെ ഭാഗമായി ചിലങ്ക കെട്ടിവരുന്നവർ വരെയുണ്ട്. നടപ്പന്തലിൽ എത്തിയാൽ പാദങ്ങൾക്ക് നേരിയ വിശ്രമം. 

പടി പതിനെട്ടും കയറിയാൽ വീണ്ടും കാത്ത് നിൽപ് . ഒടുവിൽ നടയ്ക്കു മുന്നിലെത്തി  പെരുവിരലിലൂന്നിയായാലും  വില്ലാളിവീരനായ അയ്യപ്പന്റെ തങ്കവിഗ്രഹ ദർശനം. 

തൊഴുതു മനം നിറഞ്ഞാൽ മാളികപ്പുറം ക്ഷേത്രത്തിന് വലംവച്ചു അനുഗ്രഹം തേടുന്നു. പിന്നെ  സന്നിധാനത്ത് വിരിവച്ച് തളർന്നുറക്കം. മലയിറങ്ങും മുമ്പ് പാദങ്ങൾക്കൊരു വിശ്രമം.

MORE IN CENTRAL
SHOW MORE