സിപിഎം- സിപിഐ ഭിന്നത രൂക്ഷം; ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന്

congresschinna-08
SHARE

സിപിഎം- സിപിഐ ഭിന്നത മൂലം ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന്.‍ എൽഡിഎഫ് അവിശ്വാസം പാസായിരുന്നെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നിന്ന് ഇടത് അംഗങ്ങളും സ്വതന്ത്രയും വിട്ടു നിന്നതോടെയാണ് കോൺഗ്രസിലെ സിനി ബേബി പ്രസിഡന്റായും, ആർ.വള്ളിയമ്മാൾ വൈസ് പ്രസിഡന്റായും വീണ്ടും‍ തിരഞ്ഞെടുക്കപ്പെട്ടത്. 

കഴിഞ്ഞ 15 നാണ് ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫ് ഭരണ സമിതിക്കെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസം 6 നെതിരെ 7 വോട്ടുകൾക്ക് പാസായത്. ഒരു വർഷം മുൻപ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പന്ത്രണ്ടാം വാർഡിൽ നിന്നുള്ള സ്വതന്ത്ര അംഗം ജയന്തി രവി പങ്കെടുക്കാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിന് ഭരണം ലഭിച്ചതും സിനി ബേബി പ്രസിഡന്റായതും. സിപിഎം പിന്തുണയോടെ മത്സരിച്ച് വിജയിച്ച ജയന്തി രവി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാത്തതിനാൽ സിപിഐക്ക് ലഭിക്കേണ്ടിയിരുന്ന പ്രസിഡന്റ് സ്ഥാനം നഷ്ടമായെന്ന് ആരോപിച്ച്‍ തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഐ അംഗങ്ങളും പങ്കെടുത്തില്ല. അതോടെ കോൺഗ്രസിലെ ആർ.വള്ളിയമ്മാൾ വൈസ് പ്രസിഡന്റായി. അവിശ്വാസം പാസായെങ്കിലും ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുള്ളിലെ പടലപിണക്കങ്ങൾ കാരണം പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികളെ നിർത്താനായില്ല. 

സിപിഐക്ക് സിപിഎമ്മിനേക്കാൾ ശക്തിയുള്ള പഞ്ചായത്താണ് ചിന്നക്കനാൽ‍. ഇത് പലപ്പോഴും ഇരുപാർട്ടികളും തമ്മിലുള്ള ബലപരീക്ഷണത്തിനും കയ്യാങ്കളിക്കും കാരണമായിട്ടുണ്ട്. കയ്യേറ്റവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ ചിന്നക്കനാലിൽ ഇരു പാർട്ടികളും പരസ്പരം ഭൂമി കയ്യേറ്റം ആരോപിക്കുന്നു. കഴിഞ്ഞ വർഷം എൽഡിഎഫ് ഭരിക്കുന്ന ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ ആദ്യം പരാതി നൽകിയതും സിപിഐ പ്രാദേശിക നേതൃത്വമാണ്.

MORE IN CENTRAL
SHOW MORE