ലോക്ഡൗണ്‍ ഇളവ് കാത്ത് ടൂറിസം മേഖല; ജീവനക്കാര്‍ക്ക് വാക്സീന്‍ നല്‍കിത്തുടങ്ങി

tourisam-kottayam
SHARE

ലോക്ഡൗണിന് ശേഷം ഉണര്‍വ് പ്രതീക്ഷിച്ച് കുമരകം ഉള്‍പ്പെടെ കോട്ടയത്തെ ടൂറിസം മേഖല. റിസോര്‍ട്ട്, ഹോം സ്റ്റേ, ഹൗസ് ബോട്ട് ജീവനക്കാര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍പെടുത്തി കൊവിഡ് വാക്‌സീന്‍ വിതരണം ആരംഭിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ വരുന്ന മുറയ്ക്ക് ടൂറിസവും പഴയപ്രതാപത്തിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട മേഖലകളില്‍ ഒന്ന് ടൂറിസമാണ്. 2017ല്‍ നിപ്പയും 2018ല്‍ പ്രളയവും ഏറ്റവും ഒടുവില്‍ കോവിഡും ടൂറിസം മേഖലയെ പിടിച്ചുലച്ചു. കോവിഡ് വ്യാപനം കുറയുന്നത് മേഖലയ്ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. ടൂറിസ്റ്റുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ കുമരകത്തുള്‍പ്പെടെ ആരംഭിച്ചുകഴിഞ്ഞു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കെല്ലാം വാക്സീന്‍ ഉറപ്പാക്കുകയാണ് ആദ്യഘട്ടം. ഒരാഴ്ചയായി കുമരകത്തുള്‍പ്പെടെ ടൂറിസം മേഖലയിലുളളവര്‍ക്കുള്ള വാക്സിനേഷന്‍ നടപടികള്‍ നടന്നുവരികയാണ്.  തൊണ്ണൂറ് ശതമാനം പേരും ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചുകഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുണ്ടാകുന്നതോടെ ആഭ്യന്തര വിനോദസഞ്ചാരികള്‍ ധാരാളമായി കുമരകത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ഇളവുകള്‍ക്കൊപ്പം സര്‍ക്കാര്‍ സഹായങ്ങളും വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കോവിഡ് വ്യാപനം ആരംഭിച്ചഘട്ടത്തില്‍ ഹൗസ് ബോട്ട് മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിരുന്നു. രണ്ടു മുറിവരെയുള്ള ബോട്ടുകള്‍ക്ക് 80000 രൂപ, നാല് മുറിവരെയുള്ളവയ്ക്ക് ഒരു ലക്ഷം, അതിനു മുകളില്‍ ഒന്നര ലക്ഷം എന്നിങ്ങനെയായിരുന്നു അനുവദിച്ച തുക. എന്നാല്‍ സര്‍വേ സര്‍ട്ടിഫിക്കറ്റില്ലാത്തതിന്റെ പേരില്‍ ഭൂരിപക്ഷം ബോട്ടുടമകള്‍ക്കും ഇത് ലഭിച്ചിട്ടില്ല.

MORE IN CENTRAL
SHOW MORE
Loading...
Loading...