താലൂക്ക് യാഥാർഥ്യമാക്കിയില്ല; യു പ്രതിഭ എംഎൽഎയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

kayamkulam-28
SHARE

കായംകുളം താലൂക്ക് യാഥാർത്ഥ്യമാക്കാത്ത എംഎൽഎക്കെതിരെ പ്രതീകാത്മക താലൂക്ക് ഓഫീസ് സ്ഥാപിച്ച് പ്രതിഷേധം. യു.പ്രതിഭ എം.എല്‍.എയ്ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിയ്ക്കിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

കായംകുളത്തിന്റെ ചിരകാലസ്വപ്നമായ കായംകുളം താലൂക്ക് യാഥാർത്ഥ്യമാക്കാന്‍ ഭരണകക്ഷിയില്‍പ്പെട്ട എം.എല്‍.എ ചെറുവിരലനക്കിയില്ലെന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. എൽഡിഎഫ് ഭരണമുണ്ടായിട്ടും അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താതെ എം.എല്‍.എ കായംകുളം ജനതയെ വഞ്ചിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതീകാത്മക താലൂക്ക് ഓഫീസുമായി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി.

നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ചെങ്കിലും വീണ്ടും സംഘര്‍ഷം തുടര്‍ന്നു. തുടർന്ന് മതിൽ ചാടിക്കടന്ന സ്ത്രീകളടക്കമുള്ള പ്രവർത്തകർ പ്രതീകാത്മക താലൂക്ക് ഓഫീസ് മിനി സിവിൽ സ്റ്റേഷനു മുന്നിൽ സ്ഥാപിച്ചു. പ്രതീകാത്മക താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫൽ നിർവഹിച്ചു. സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ ഡിസിസി പ്രസിഡൻറ് എം.ലിജു ഉദ്ഘാടനം ചെയ്തു. കായംകുളത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ എൽഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്നും യുഡിഎഫ് ഭരണത്തിൽ കായംകുളം താലൂക്ക് യാഥാർഥ്യമാക്കുമെന്നും  എം.ലിജു പറഞ്ഞു. 

MORE IN CENTRAL
SHOW MORE
Loading...
Loading...