വൈക്കത്തഷ്ടമിക്ക് ആനയെ ഒഴിവാക്കാനുള്ള നീക്കം; പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

aana-19
SHARE

വൈക്കത്തഷ്ടമി ഉൽസവത്തിന് ആനയെ ഒഴിവാക്കാനുള്ള ദേവസ്വം ബോർഡ് നീക്കത്തില്‍   പ്രതിഷേധം. അഷ്ടമിക്കും ഉദയനാപുരം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾക്കും ഒരാനയെ വീതം അനുവദിക്കണമെന്നാണ് ആവശ്യം. ക്ഷേത്രവുമായി ബന്ധപ്പെട്ട ആരുമായും ആലോചിക്കാതെയാണ്  തീരുമാനമെന്നും ആക്ഷേപമുണ്ട്.  

എഴുന്നള്ളിപ്പുകൾക്കും അഷ്ടമി ഉത്സവദിനങ്ങളിലെ ചടങ്ങുകൾക്കും ഗജവീരൻമാർക്ക് ഏറെ പ്രധാന്യമാണുള്ളത്. അഷ്ടമിവിളക്കിനു ശേഷമുള്ള അച്ഛനായ വൈക്കത്തപ്പനും മകനായ ഉദയനാപുരത്തപ്പനും വിടപറയുന്ന വികാരപരമായ  ചടങ്ങാണ് അതിലൊന്ന്.

11മുതൽ 15 വരെ ഗജവീരൻമാരാണ്  വൈക്കത്തഷ്ടമി ഉൽസവദിനങ്ങളിൽ പങ്കെടുത്തിരുന്നത്. കൊടിയേറ്റ് മുതൽ ആറാട്ട് ദിനം വരെ 75 എഴുന്നള്ളിപ്പുകൾ ആനപ്പുറത്താണ് നടത്തേണ്ടത്. ഉദയനാപുരം ക്ഷേത്രോൽസവത്തിലെ 24 എഴുന്നള്ളിപ്പും ആനപ്പുറത്താണ്. അടുത്ത മാസം 27നാണ് വൈക്കത്തഷ്ടമി കൊടിയേറ്റ് .എന്നാൽ പ്രാരംഭ ചടങ്ങുകളായ സന്ധ്യവേലകൾ ഈ മാസം 22 ന് തുടങ്ങാനിരിക്കെയാണ് ആനയെ ഒഴിവാക്കിയുള്ള ബോർഡിൻ്റെ ഉത്തരവ്. 

വൈക്കത്തഷ്ടമിയുടെ  പ്രാധാന്യം മനസിലാക്കാതെയാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനമെന്നാണ് ആക്ഷേപം. ചുറ്റമ്പലത്തിന് പുറത്ത് 8 ഏക്കറോളം  മുറ്റമുള്ളപ്പോൾ ഒരാനെയെ എഴുന്നള്ളിക്കുന്നതിൽ പ്രശ്നമുണ്ടാവില്ലെന്ന് ഹൈന്ദവ സംഘടനകളും ക്ഷേത്രോപദേശക സമിതിയും ചൂണ്ടിക്കാട്ടുന്നു. നാലു ക്ഷേത്രഗോപുരവാതിലുകളുള്ളതിനാൽ ഭക്തരെ നിയന്ത്രിക്കാനും കഴിയും. വൈക്കത്തേക്കും ഉദയനാപുരത്തേക്കും ഉത്സവ ദിനങ്ങളിൽ ദേവസ്വം ബോർഡിൻ്റെ തന്നെ ഒരോ ആനയെ നിയോഗിച്ച് ആചാര നടത്തിപ്പുകൾക്ക് അവസരം ഒരുക്കണമെന്നാണ് ആവശ്യം. ഡിസംബർ എട്ടിനാണ് വൈക്കത്തഷ്ടമി.

MORE IN CENTRAL
SHOW MORE
Loading...
Loading...