വെള്ളക്കെട്ടിൽ കുഴിയടച്ച് പൊതുമരാമത്ത് വകുപ്പിന്റെ തട്ടിപ്പ്; പ്രഹസനം

road-mc
SHARE

കോട്ടയം എംസി റോഡില്‍ യുവാവ്  അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിന്‍റെ തട്ടിപ്പ് കുഴിയടയ്ക്കല്‍. വെള്ളം നിറഞ്ഞ്കിടന്ന കുഴികളില്‍ കോണ്‍ക്രീറ്റ് നിക്ഷേപിച്ച് തൊഴിലാളികള്‍ സ്ഥലംവിട്ടു. നിമിഷങ്ങള്‍ക്കകം സിമന്‍റും കോണ്‍ക്രീറ്റും അടര്‍ന്നതോടെ റോഡ് വീണ്ടും അപകടക്കെണിയായി.

ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലിന് എംസി റോഡില്‍ തെള്ളകത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു. മഴ തുടങ്ങിയത് മുതല്‍ ഇവിടെ രൂക്ഷമായ വെള്ളക്കെട്ടാണ്. നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞിട്ടും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒരു ഇടപെടലും ഉണ്ടായില്ല. തുടര്‍ച്ചയായ വെള്ളക്കെട്ടില്‍ എംസി റോഡില്‍ മിക്കയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടു. വെള്ളക്കെട്ടില്‍‍ കുഴികള്‍ മൂടിപോകുന്നതോടെ അപകടങ്ങളും പതിവായി. 

മാധ്യമങ്ങളില്‍ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വന്നതോടെയാണ് തിരക്കിട്ട് കുഴിയടക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. മുഖം രക്ഷിക്കാനുള്ള ധൃതിയില്‍ വെള്ളം നിറഞ്ഞു നിന്ന കുഴികളില്‍ കോണ്‍ക്രീറ്റ് തള്ളി ചടങ്ങ് പൂര്‍ത്തിയാക്കി. നിമിഷങ്ങള്‍ക്കകം റോഡിലെ കോണ്‍ക്രീറ്റും സിമന്‍റും ഇളകിമാറി. റോഡില്‍ നിരന്ന മെറ്റല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. എംസി റോഡില്‍ മിക്ക സ്ഥലങ്ങളിലും കുഴികളും റോഡ് വിണ്ടുകീറിയിട്ടുമുണ്ട്. എന്നാല്‍ അടിച്ചിറയിലും തെള്ളകത്തും മാത്രമാണ് തട്ടിക്കൂട്ടിയാണെങ്കിലും കുഴിയടക്കാന്‍ ഇടപെടലുണ്ടായത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...