പൈപ്പ് മാറ്റാൻ നടപടിയില്ല; കുടിവെള്ളമില്ലാതെ കുടുംബങ്ങൾ ദുരിതത്തിൽ

kumaliwater-03
SHARE

ഇടുക്കി കുമളി  രണ്ടാം മൈലിലെ അൻപതോളം കുടുംബങ്ങൾ ആറു മാസമായി വെള്ളം ലഭിക്കാതെ ദുരിതത്തില്‍. ജലവകുപ്പിന്റെ പൊട്ടിപ്പോയ പൈപ്പ് മാറ്റാൻ നടപടിയില്ലാത്തതാണ് കാരണം. വെള്ളം നല്‍കിയില്ലെങ്കിലും ബില്‍ തുക അടയ്ക്കണമെന്ന നിലപാടിലാണ് ജല വകുപ്പ്.  

ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ആറ് മാസങ്ങൾക്ക് മുമ്പ് ദേശീയ പാതയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനിടെയാണ് ജലവകുപ്പിന്റെ പൈപ്പ് ലൈൻ പൊട്ടിയത്. നാളുകൾ പിന്നിട്ടിട്ടും പൈപ്പ് മാറ്റിയിടാനോ സ്ഥലത്തെത്തി പരിശോധന നടത്താനോ അധികൃതർ  തയാറായില്ല. പരാതിയുമായി ജല വകുപ്പിനെ സമീപിച്ചപ്പോൾ എൻ. എച്ചിന്റെ പണികൾക്കിടയാണ് പൈപ്പിന് പൊട്ടൽ വീണതെന്നും ഇവരിൽ നിന്നും തുക അനുവദിച്ചാല്‍  മാത്രമേ പൈപ്പ് മാറ്റിയിടാൻ കഴിയുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവരുടെ കുടിവെള്ളം മുടങ്ങിയെങ്കിലും അന്ന് മുതലുള്ള വെള്ളത്തിന്റെ ബില്ല് ജല വകുപ്പ് മാസംതോറം എല്ലാ കുടുംബങ്ങൾക്കും നൽകാറുണ്ട്. ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്തവർക്ക് 950 രൂപ മുതൽ 1470 രൂപ വരെയാണ് ബിൽ തുകയായി ലഭിച്ചത്. 

പൈപ്പ് മാറാനുള്ള തുക ഇവിടുത്തെ കുടുംബങ്ങൾ ചേർന്ന് സമാഹരിച്ച് നൽകാമെന്ന് അറിയിച്ചെങ്കിലും വകുപ്പുകളോ പഞ്ചായത്തോ വേണ്ട നടപടി സ്വീകരിച്ചില്ല. വേനൽ കടുത്തതോടെ രണ്ടായിരം ലിറ്ററിന് 800 രൂപയും ആയിരം ലിറ്ററിന് 400 രൂപയും നൽകിയാണ് ഇവർ വെള്ളം വാങ്ങുന്നത്.  പ്രദേശത്ത് ഒരു കിണർ പോലുമില്ലാത്തതിനാൽ ജല വകുപ്പിന്റെയും പഞ്ചായത്തിന്റെയും കനിവിനായി കാത്തിരിക്കുകയാണ് രണ്ടാം മൈലിലെ അൻപതോളം കുടുംബങ്ങൾ.

MORE IN CENTRAL
SHOW MORE
Loading...
Loading...