വട്ടവട മാതൃകാഗ്രാമം പദ്ധതിയിലെ ക്രമക്കേട്; നടപടി വൈകുന്നു

vattavadakayettam-07
SHARE

വട്ടവട മാതൃകാഗ്രാമം പദ്ധതിയിലെ  ക്രമക്കേടിനെപ്പറ്റി   ദേവികുളം സബ്കലക്ടറുടെ റിപ്പോർട്ടിൻമേലുള്ള ഇടുക്കി ജില്ലാകലക്ടറുടെ നടപടി വൈകുന്നതായി ആരോപണം. റവന്യൂ ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കും എന്ന്  റവന്യൂ മന്ത്രി പറഞ്ഞിട്ടും ഇടുക്കി ജില്ലാ കലക്ടർ തുടർനടപടികൾ   സ്വീകരിക്കുന്നില്ലെന്നനാണ് ആക്ഷേപം. 

വട്ടവട മാതൃകാ ഗ്രാമം പദ്ധതി സംബന്ധിച്ച് ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ ഈ മാസം മൂന്നാം തീയതിയാണ് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോർട്ട് നൽകിയത്. അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഒന്നരയാഴ്ച പിന്നിട്ടിട്ടും  നടപടിയില്ല. ദേവികുളം എം.എൽ.എ യുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളാണോ കലക്ടറുടെ നടപടി വൈകിപ്പിക്കുന്നതിന് പിന്നിൽ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് ആരോപണം. വട്ടവട മാതൃകാ ഗ്രാമം പദ്ധതി നിർമ്മാണം പഞ്ചായത്ത് റവന്യൂഭൂമി കൈയേറിയാണ് നടത്തിയിട്ടുള്ളത് എന്ന് ദേവികുളം സബ്കലക്ടർ പ്രേം കൃഷ്ണന്‍ ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.അതീവ പരിസ്ഥിതി ലോല പ്രദേശമായ കുറിഞ്ഞി സങ്കേതത്തിനു സമീപത്തായി പാറപൊട്ടിച്ചുള്ള നിർമ്മാണങ്ങൾ വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും എന്നും സബ്കലക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

നിർദിഷ്ട പദ്ധതിയിൽ ഗുണഭോക്താക്കള്‍ ആയി വരുന്നവർ ലൈഫ് പദ്ധതി പോലുള്ളവയിൽ ഉൾപ്പെട്ടിട്ടുള്ളവരാവാൻ ഇടയുണ്ടെന്നും കൂടാതെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുള്ളതായും  റിപ്പോർട്ടിൽ പറയുന്നു.  ബ്ലോക്ക് നമ്പർ 60ൽ  റീസർവ്വേ 84 ൽ പെട്ട ഭൂമിയിലല്ല നിർദ്ദിഷ്ട പദ്ധതിക്ക് വേണ്ടി നിർമ്മാണം നടക്കുന്നത് എന്നും വ്യക്തമായി. റവന്യൂ രേഖകളിൽ സർക്കാർ പാറ തരിശ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയാണിത്.പഞ്ചായത്ത് അധികൃതരോട് നിരവധിതവണ ആവശ്യപ്പെട്ടിട്ടും പദ്ധതി പ്രദേശത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ തയ്യാറായിട്ടില്ല എന്ന് സബ്കലക്ടർ റിപ്പോർട്ടിൽ പറയുന്നു. റവന്യൂ മന്ത്രി കൈയേറ്റം ആരുടെ ഭാഗത്തുനിന്നായാലും ഒഴിപ്പിക്കും എന്ന ശക്തമായ പ്രതികരണമാണ് നടത്തിയത് എന്നിട്ടും ജില്ലാകലക്ടറുടെ  നടപടി വൈകുന്നതിനെപ്പറ്റി അന്വേഷിക്കണം എന്ന ആവശ്യം ശക്തമാണ്.

MORE IN CENTRAL
SHOW MORE
Loading...
Loading...