സ്പോർട്സ് കോംപ്ലക്സ് നിർമ്മാണം ഇഴയുന്നു; കോർപറേഷനിൽ ഭിന്നത

sports20
SHARE

തൃശൂര്‍ ലാലൂരില്‍ കായിക സമുച്ചയത്തിന്‍റെ നിര്‍മാണത്തെ ചൊല്ലി കോര്‍പറേഷനും ചീഫ് സെക്രട്ടറിയും തമ്മില്‍ അഭിപ്രായ ഭിന്നത. മാലിന്യ പ്ലാന്‍റിനുള്ള ഭൂമിയില്‍ കായിക സമുച്ചയം പറ്റില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. എന്നാല്‍, നിര്‍മാണവുമായി മുന്നോട്ടു പോകുമെന്ന് മേയര്‍ വ്യക്തമാക്കി.    ഫുട്ബോള്‍ താരം ഐ.എം.വിജയന്‍റെ പേരിലാണ് തൃശൂര്‍ ലാലൂരില്‍ കായിക സമുച്ചയം നിര്‍മിക്കുന്നത്. 

ആദ്യ ഘട്ടം നിര്‍മാണം തകൃതിയായി പുരോഗമിക്കുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ജില്ലാ കലക്ടര്‍ക്ക് ലഭിക്കുന്നത്. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വലിയ പദ്ധതി ജില്ലാ അടിസ്ഥാനത്തില്‍ തുടങ്ങാന്‍ കണ്ടുവച്ചത് ലാലൂരാണ്. ഈ ഭൂമിയില്‍ കായിക സമുച്ചയം പാടില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഇതുപ്രകാരം, നിര്‍മാണം നിര്‍ത്താന്‍ കലക്ടര്‍ രേഖാമൂലം ആവശ്യപ്പെട്ടു.

 മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ്.സുനില്‍കുമാറും സി.രവീന്ദ്രനാഥും മുന്‍കയ്യെടുത്ത് തുടങ്ങിയ കായിക സമുച്ചയം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

അതേസമയം, മാലിന്യ സംസ്ക്കരണ പ്ലാന്‍റിന് ഭൂമി കണ്ടെത്തി നല്‍കാത്തതില്‍ കോര്‍പറേഷന് വീഴ്ച പറ്റിയെന്ന്  പ്രതിപക്ഷം ആരോപിച്ചു. കായിക സമുച്ചയം നഷ്ടപ്പെടരുത്. വ്യക്തമായ ആസൂത്രണമില്ലാതെ കായിക സമുച്ചയം പണിതതിന്‍റെ ഉത്തരവാദിത്വം മേയര്‍ക്കും കൂട്ടര്‍ക്കുമാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

നിര്‍മാണം തുടരാന്‍ തന്നെയാണ് കോര്‍പറേഷന്‍റെ തീരുമാനം. മുഖ്യമന്ത്രി ഇടപ്പെട്ട് ചീഫ് സെക്രട്ടറിയെ അനുനയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുഭരിക്കുന്ന കോര്‍പറേഷന്‍ നേതൃത്വം. 

MORE IN CENTRAL
SHOW MORE
Loading...
Loading...