അനധികൃത പാറമട അടപ്പിച്ചു

paramada-01
SHARE

നെടുങ്കണ്ടം ടൗണിന് നടുവിൽ അനധികൃതമായ് പ്രവർത്തിച്ചു വന്നിരുന്ന പാറമട റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അടപ്പിച്ചു. നെടുങ്കണ്ടം ടൗണിൽ ബസ്റ്റാന്റിനോട് ചേർന്ന സ്ഥലത്താണ് പാറമട പ്രവർത്തിച്ചിരുന്നത്. ഉടുമ്പൻചോല തഹസിൽദാർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റവന്യൂ സംഘം നടത്തിയ പരിശോധനയിലാണ് ഖനനം കണ്ടെത്തിയത്. 

നെടുങ്കണ്ടം ടൗണിൽ ബസ്റ്റാൻറിനോട് ചേർന്ന് നിർമിച്ച കെട്ടിടത്തിന്റെ  മറവിലാണ് അനധികൃത ഖനനം നടത്തിയത്. കെട്ടിട ഉടമ തോമസ് പുത്താരിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലത്ത്  പ്ലാസ്റ്റിക്ക് ഷീറ്റുകൾ ഉപയോഗിച്ച് മറച്ചാണ് പാറ പൊട്ടിച്ചത്. പകൽ സമയം നിർജീവമായിരിക്കുന്ന പാറമട രാത്രിയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊട്ടിക്കുകയാണ് രീതി. ശബ്ദം കേൾക്കാതിരിക്കുവാൻ മണൽചാക്കുകൾ മുകളിൽ വെച്ചാണ് പൊട്ടിക്കുന്നതെന്ന് നാട്ടുകാർ  പറഞ്ഞു. നൂറു കണക്കിന് ലോഡ് പാറയാണ് രാത്രിയുടെ മറവിൽ ഇവിടെ നിന്നും കടത്തിയത്.സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ സമീപത്തെ  വീടിന് കേടുപാടുകളുണ്ടായി. 

നാട്ടുകാരുടെ  പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പൊലീസെത്തിയപ്പോൾ പാറമടയ്ക്കുള്ളിൽ മണ്ണുമാന്തി യന്ത്രം ഉൾപ്പടെയുള്ള  വാഹനങ്ങളുണ്ടായിരുന്നു.എന്നാൽ വാഹനങ്ങൾ പിടിച്ചെടുക്കുവാൻ പൊലീസ് തയ്യാറായില്ലന്ന് നാട്ടുകാർ ആരോപിച്ചു. ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ നിർദ്ധേശ പ്രകാരം കൽക്കൂന്തൽ വില്ലേജ് ഓഫീസർ സിനി പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രവർത്തനം നിർത്തിവെപ്പിച്ചു.  ജിയോളജി വകുപ്പ് സ്ഥലം സന്ദർശിച്ച് പിഴ നിശ്ചയിക്കും. 

MORE IN CENTRAL
SHOW MORE
Loading...
Loading...