ഗതാഗതക്കുരുക്കില്‍ പുഴയ്ക്കല്‍ ; നോക്കുകുത്തിയായി ആറരക്കോടി ചെലവിട്ട പാലം

puzhakkal
SHARE

തൃശൂര്‍-കോഴിക്കോട് റൂട്ടിലെ പുഴയ്ക്കലില്‍ ഗതാഗത കുരുക്കില്‍ പൊറുതിമുട്ടി യാത്രക്കാര്‍. പണിത പാലം ചെറിയ വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്താല്‍ കുരുക്ക് പരിഹരിക്കാം. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചു.

രാവും പകലും വ്യത്യാസമില്ലാതെ തൃശൂര്‍ പുഴയ്ക്കലിലെ സ്ഥിതി ഇങ്ങനെയാണ്. അത്യാവശ്യ യാത്രക്കാര്‍ക്കു പോലും ഇതുവഴി പോകാനാകില്ല. പുഴയ്ക്കല്‍ കടമ്പ മറികടക്കാന്‍ എളുപ്പം പറ്റില്ല. ഒട്ടേറെ വാഹനങ്ങള്‍ പുഴയ്ക്കല്‍ കുരുക്ക് മറികടക്കാന്‍ പത്തു കിലോമീറ്ററിലധികം വളഞ്ഞ് യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി പുഴയ്ക്കലില്‍ കുരുക്കുണ്ട്. ഇതു പരിഹരിക്കാനാണ് ആറരക്കോടി രൂപ ചെലവില്‍ പാലം പണിതത്. എട്ടു മാസം കൊണ്ട് പാലം പണി പൂര്‍ത്തിയായി. പക്ഷേ, അപ്രോച്ച് റോഡിന്‍റെ പണി തീര്‍ന്നില്ല. മഴയാണ് ഇപ്പോഴത്തെ കാരണം. പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നു കൊടുത്താല്‍ സ്ഥലം എം.എല്‍.എ. അനില്‍ അക്കര പാലത്തിന്‍റെ പെരുമ കൊണ്ടുപോകുമെന്ന സംശയം ഭരണകക്ഷിയ്ക്കുണ്ട്. പാലത്തില്‍ രാഷ്ട്രീയം പ്രവേശിച്ചതോടെ ഉദ്ഘാടനം ഇനിയും നീളും. അടുത്ത ബുധനാഴ്ച രാപകല്‍ ഉപവാസം യു.ഡി.എഫ്. സംഘടിപ്പിച്ചു. സെപ്തംബര്‍ രണ്ടിന് മുമ്പ് പാലം തുറക്കണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി. ആവശ്യപ്പെട്ടു. 

പാലം തുറന്നു കൊടുക്കാതിരിക്കുന്നത് പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്ന് അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു. ഒക്ടോബറില്‍ പാലം തുറന്നു കൊടുക്കാനാണ് നിലവിലത്തെ നീക്കം. ഓണത്തിരക്ക് കൂടി വരുമ്പോള്‍ പുഴയ്ക്കല്‍ വഴിയുള്ള യാത്ര ഉപേക്ഷിക്കേണ്ടി വരും. 

MORE IN CENTRAL
SHOW MORE
Loading...
Loading...