പാഞ്ചാലിമേട്ടിലെ കുരിശു വിവാദം; ടൂറിസം തകർക്കാനുള്ള ശ്രമം

panchalimedu-cross
SHARE

ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശു വിവാദത്തിന് പിന്നിൽ  ടൂറിസം പദ്ധതി തകർക്കാനുള്ള ശ്രമമെന്ന് പെരുവന്താനം ഗ്രാമ പഞ്ചായത്ത്. പ്രദേശവുമായി ബന്ധമില്ലാത്തവർ   മതസൗഹാര്‍ദം തകർക്കാൻ ശ്രമിക്കുകയാണെന്ന് പാഞ്ചാലിമേട് ക്ഷേത്ര സമിതി  ആരോപിച്ചു. ഹിന്ദു  ഐക്യവേദി സംസ്ഥാനധ്യക്ഷ കെ.പി ശശികലയുടെ  നേതൃത്വത്തില്‍ കുരിശുകളെല്ലാം  നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ സമരം നടത്താന്‍ നീക്കമുണ്ട്. 

പാഞ്ചാലിമേട്ടിൽ കുരിശു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ മതസൗഹാര്‍ദം തകര്‍ക്കാനാണെന്ന് പാഞ്ചാലിമേട്ടിലെ കത്തോലിക്കാ പള്ളിയും, അമ്പലവും, പഞ്ചായത്തും  പറയുന്നു. പ്രദേശവുമായി ബന്ധമില്ലാത്തവരാണ് മേഖലയിലെത്തി ‌ പ്രശ്നമുണ്ടാക്കുന്നത്. പാഞ്ചാലിമേട്ടിലെ രണ്ട് കുന്നുകളിലായി നേരത്തെ മുതൽ കുരിശും, അമ്പലവും സ്ഥിതി ചെയ്യുന്നു.  ദു:ഖവെള്ളിയാഴ്ച ദിവസങ്ങളിൽ ഇവിടെ കുരിശുമല കയറ്റവും നടക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് മരക്കുരിശുകൾ സ്ഥാപിച്ചത്. വിവാദം ഉണ്ടായതോടെ മരക്കുരിശുകൾ പള്ളി‌തന്നെ നീക്കം ചെയ്തു. എന്നിട്ടും പ്രശ്നം വലുതാക്കാന്‍ ശ്രമംനടക്കുന്നെന്ന് പഞ്ചായത്ത് പറയുന്നു.

ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവരുമായി ഐക്യത്തിലാണ് എല്ലാക്കാലത്തും മുന്നോട്ട് പോകുന്നത്. എന്നാല്‍  ഹിന്ദു ഐക്യ വേദിയും, ബജ്റംഗിദള്‍ പ്രവര്‍ത്തകരും വീണ്ടും പ്രതിഷേധമുയര്‍ത്തി രംഗത്തുണ്ട്. ഇത് മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണെന്ന് ക്ഷേത്ര ‌സമിതി പറഞ്ഞു. മരക്കുരിശിന് മുന്നില്‍ ശൂലം സ്ഥാപിച്ച് വെല്ലുവിളി നടത്തിയതിന് ബജ്റംഗിദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മതസ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കേസ്.

MORE IN CENTRAL
SHOW MORE
Loading...
Loading...