ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

ksrtc-alppuzha
SHARE

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ക്കൊപ്പം ഉള്‍നാടന്‍ സര്‍വീസിനും പിടിവീണതോടെ യാത്രക്കാര്‍ ആശങ്കയിലായി. മേല്‍നിര്‍ദേശപ്രകാരം കലക്ഷന്‍ കുറഞ്ഞ സര്‍വീസുകളാണ് വെട്ടിച്ചുരുക്കിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു

തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും രാവിലെയുണ്ടായിരുന്ന സൂപ്പര്‍ഫാസ്റ്റുകള്‍ ഇല്ലാതായത് ആഴ്ചകള്‍ക്ക് മുന്‍പാണ്. തൊട്ടുപിന്നാലെയാണ് ചില ഓഡിനറി ബസുകളും അവസാനിപ്പിച്ചത്. കഞ്ഞിക്കുഴി മഹമ്മ റൂട്ടിലും കണിച്ചുകുളങ്ങര വഴി തീരദേശത്തേക്കുമുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ചമ്പക്കുളം ഉള്‍പ്പടെ കുട്ടനാട് മേഖലയിലേക്കുള്ള സര്‍വീസുകളും ഒഴിവാക്കല്‍ ഭീഷണിയിലാണ്. കോര്‍പറേഷന്റെ നിര്‍ദേശം പതിനേഴായിരമാണെങ്കിലും ശരാശരി പന്ത്രണ്ടായിരമാണ് ഓഡിനറി ബസുകളില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വരുമാനം. പ്രതിദിന വരുമാനം ഏഴായിരം രൂപയിലും താഴെപ്പോയ സര്‍വീസുകളാണ് ഒഴിവാക്കിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. യാത്രയ്ക്കായി കെഎസ്ആര്‍ടിസിയെ മുഖ്യമായും പരിഗണിക്കുന്ന ആലപ്പുഴയിലെ ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും

87 സര്‍വീസുകളാണ് നിലവില്‍ ആലപ്പുഴ ഡിപ്പോയില്‍ നിന്നുള്ളത്. ഇതില്‍ 700ലധികം ട്രിപ്പുകളാണ് പ്രതിദിനം ഓഡിനറി ബസുകള്‍ നടത്തുന്നത്. കുട്ടനാടിന്റെ പലഭാഗങ്ങളിലും നേരത്തെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉണ്ടായിരുന്നതിനാല്‍ ബോട്ട് സര്‍വീസ് കുറച്ചിരുന്നു. ഇതോടെ സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യര്‍ഥികള്‍ക്ക് ഉള്‍പ്പടെ യാത്ര ദുഷ്കരമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE