കെ.സി പാലം പൊളിച്ചു പണിയണമെന്ന ആവശ്യം ശക്തം

kc-bridge
SHARE

രണ്ട് പതിറ്റാണ്ടുമുന്‍പ് ചങ്ങനാശേരിയെയും കുട്ടനാടിനെയും ബന്ധിപ്പിച്ച് നിര്‍മിച്ച കെ.സി പാലം പൊളിച്ചു പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ജലഗതാഗതം തടസപ്പെടുത്തുന്ന പാലം മഴക്കാലത്ത് കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാണ്. ആലപ്പുഴ – ചങ്ങനാശേരി എ.സി റോഡിലേക്ക് കുട്ടനാട്ടുകാര്‍ക്ക് എത്തുന്നതിനായി കിടങ്ങറയില്‍ നിര്‍മിച്ച കെ.സി പാലത്തില്‍നിന്നുള്ള കഴിഞ്ഞ പ്രളയകാലത്തെ ദൃശ്യമാണിത്. കുട്ടനാട്ടില്‍നിന്ന് ബോട്ടുകളിലുംമറ്റും പലായനം ചെയ്തെത്തിയവര്‍ ചങ്ങനാശേരിയിലേക്കുള്ള ബോട്ട് കാത്ത് മണിക്കൂറുകളാണ് ഈ പാലത്തില്‍ കുടുങ്ങിയത്. ബോക്സ് രൂപത്തില്‍ ചെലവ് ചുരുക്കി പണിത പാലത്തിനടിയിലൂടെ ബോട്ടുകള്‍ക്ക് കടന്നുപോകാനാകില്ല. കാലപ്പഴക്കംമൂലം പാലത്തിന് ബലക്ഷയവുമുണ്ട്. കുട്ടനാടിന്‍റെ ജീവശ്വാസമായ ജലഗതാഗതം അശാസ്ത്രീയമായ നിര്‍മാണംമൂലം തടസ്സപ്പെട്ടതിന്‍റെ ഉത്തമ ഉദാഹരണമാണ് കെ.സി.പാലം.

 കുട്ടനാട്ടില്‍നിന്നുള്ള ഹൗസ് ബോട്ടുകള്‍ക്ക് ചങ്ങനാശേരിയിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ പ്രദേശത്തെ ടൂറിസം വികസനത്തിനും തടസമായി. ചരക്കുനീക്കവും പ്രതിസന്ധിയിലായി. നിലവില്‍ ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ബോട്ട് സര്‍വീസ് മൂന്നിരട്ടിയിലേറെ ദൂരം ചുറ്റിയാണ് സഞ്ചരിക്കുന്നത്. പുതിയ പാലത്തിന്‍റെ നിര്‍മാണത്തിനായി മുപ്പത് കോടിയിലധികം രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. 

MORE IN CENTRAL
SHOW MORE