വേതന പാക്കേജ് ലഭിക്കുന്നില്ല; റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ

ration
SHARE

വേതന പാക്കേജ് ലഭിക്കാതായതോടെ പ്രതിസന്ധിയിലായി  ഇടുക്കി ദേവികുളം താലൂക്കിലെ റേഷന്‍ വ്യാപാരികള്‍. കഴിഞ്ഞ മൂന്ന് മാസമായി വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നൽകുന്ന  തുക ലഭിച്ചിട്ടില്ല. ട്രഷറി നിയന്ത്രണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വ്യാപാരികള്‍ ആരോപിക്കുന്നു

ഡിസംബര്‍,ജനുവരി,ഫെബ്രുവരി മാസങ്ങളിലെ വേതന പാക്കേജാണ് ദേവികുളം താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലെ വ്യാപാരികള്‍ക്ക് തുക ലഭിച്ചിട്ടും തങ്ങള്‍ക്ക് ലഭിക്കാനുള്ള വേതന പാക്കേജില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നാണ്  പരാതി. മാസം 45 ക്വിന്റല്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുകയും വിതരണത്തിന്റെ 70 ശതമാനം കടയില്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ 18000 രൂപ ഓരോ വ്യാപാരിക്കും വേതന പാക്കേജായി സര്‍ക്കാരില്‍ നിന്നും ലഭിക്കും.  ദേവികുളം താലൂക്കിലാകെ 119 വ്യാപാരികള്‍ക്കായി 13 ലക്ഷം രൂപ ഒരോ മാസവും  ലഭിക്കണ്ടേതുണ്ട്. മൂന്ന് മാസമായി വേതന പാക്കേജ് മുടങ്ങിയത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു

വേതന പാക്കേജ് കിട്ടാതായതോടെ സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് കടയില്‍ സാധനങ്ങള്‍ എത്തിക്കേണ്ട ഗതികേടിലാണ് റേഷന്‍ വ്യാപാരികള്‍. ഇടുക്കിയില്‍ ആകെ 702 റേഷന്‍ കടകളാണ് ഉള്ളത്. 5 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് വേതന പാക്കേജ് ലഭിക്കുന്നതില്‍ നേരിടുന്ന പ്രധാന കാലതാമസമെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെടുന്നു.  സ്ഥിതി തുടര്‍ന്നാല്‍ കടയടപ്പ് സമരമുള്‍പ്പെടെ സംഘടിപ്പിക്കാനാണ് കടയുടമകളുടെ തീരുമാനം.

MORE IN CENTRAL
SHOW MORE